പാറക്കോവിലെ കുടുംബാരോഗ്യ കേന്ദ്രം

ചേർപ്പ്: ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ ചേർപ്പ് പഞ്ചായത്തിലെ 6-ാം വാർഡ് പാറക്കോവിലിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. 1965ൽ പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന് അമ്പതിലേറെ വർഷം പഴക്കമുണ്ട്. പ്രദേശവാസിയായ കള്ളിയത്ത്‌ കേശവൻ എന്ന വ്യക്തിയാണ് കേന്ദ്രം നിർമ്മിക്കുന്നതിനായി ഭൂമി നൽകിയത്.


പിന്നീട് ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ദിനംപ്രതി നിരവധി പേരായിരുന്നു ചികിത്സകയ്ക്കായി ഇവിടേയ്ക്ക് എത്തിയിരുന്നത്. പരിചരണ മുറി, താമസ സൗകര്യം, ഓഫീസ്, അടുക്കള തുടങ്ങിയ സൗകര്യങ്ങളുള്ള കേന്ദ്രത്തിൽ കുട്ടികൾക്കുള്ള രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ, പോളിയോ മരുന്ന് വിതരണം,​ ഗർഭിണികളായ സ്ത്രീകൾക്ക് പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമായിരുന്നു.


മാസം തോറും തൊഴിലുറുപ്പ് പ്രവർത്തകർ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ടെങ്കിലും ഇടക്കാലത്ത് ആരോഗ്യ കേന്ദ്ര പരിസരം കാടുകയറിയും, ചുറ്റുമതിലിന് നാശം സംഭവിച്ചും ശോചനീയവസ്ഥയിലായിരുന്നു. പഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവഴിച്ച്‌ നവീകരണ പ്രവൃത്തികൾ നടത്തിയിരുന്നതായി പ്രസിഡന്റ് സുജീഷ കള്ളിയത്ത് പറഞ്ഞു.

കൊവിഡ് വാക്‌സിൻ വിതരണ ചുമതലയുള്ളതിനാൽ ജീവനക്കാർക്ക് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നാണ് പറയപ്പെടുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും പ്രതിഷേധ സമരം നടത്തിയിരുന്നു.