കൊടുങ്ങല്ലൂർ: കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടയിലും കർമനിരതരായി തൊഴിലുറപ്പ് തൊഴിലാളികൾ
രംഗത്ത്. നഗരസഭയിലെ 40-ാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങളായ എട്ട് പേരടങ്ങുന്ന സംഘമാണ് സ്വയം തയ്യാറായി രാവിലെ മുതൽ പ്രവൃത്തികൾക്ക് ഇറങ്ങിയത്. ഇവരുടെ നേതൃത്വത്തിൽ അഴീക്കോട് - പടാകുളം റോഡിന്റെ ഇരുവശത്തെയും പടർന്നു പിടിച്ച പുല്ലുകൾ വെട്ടിമാറ്റുകയും, എരിശ്ശേരി പാലം തോട് വൃത്തിയാക്കുകയും ചെയ്തു.
തൊഴിലാളികളുടെ പ്രവൃത്തിയെ വാർഡ് കൗൺസിലർ ടി.എസ്. സജീവൻ അഭിനന്ദിച്ചു. അംഗങ്ങൾക്ക് മാസ്‌ക്, ഗ്ലാസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ, വിറ്റാമിൻ സി ഗുളിക എന്നിവ നൽകി. ടി.കെ ഹരിദാസൻ, അനിൽകുമാർ, അമൽ, തേജസ് എന്നിവരും പങ്കെടുത്തു.