shanthi-blam
ചേർപ്പ് വല്ലച്ചിറ ശാന്തിഭവൻ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ പരിശോധനക്കെത്തിയ ഡി.എം.ഒ. ഡോ.കെ.ജെ. റീന ആശുപത്രിയിലെ ഗുരുതര വീഴ്ചകളെ കുറിച്ച് വിശദീകരിക്കുന്നു.

ചേർപ്പ്: കഴിഞ്ഞ ആഴ്ചയിലുണ്ടായ മൂന്ന് കൊവിഡ് രോഗികളുടെ മരണത്തെ തുടർന്ന് ഡി.എം.ഒ ഡോ. കെ.ജെ റീനയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വല്ലച്ചിറ പഞ്ചായത്തിലെ അഭയം ശാന്തിഭവൻ പാലിയേറ്റീവ് കെയർ ആശുപത്രി ആരോഗ്യ സാമൂഹ്യ നീതി വകുപ്പുകൾ ചേർന്ന് അടപ്പിച്ചു.


കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയെത്തിയിരുന്ന കൊവിഡ് രോഗികൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് മരിച്ച രോഗിയുടെ ബന്ധുക്കളുടെ പരാതിയിലും വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജിന്റെ നിർദ്ദേശത്തെ തുടർന്ന് ഡി.എം.ഒയും സംഘവും നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രോഗി മരിച്ചതിനെ തുടർന്ന് മൃതദേഹം സംസ്‌ക്കരിക്കാനായി കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായി കൊല്ലത്തേയ്ക്ക് കൊണ്ടുപോകുകയും അവിടെ നടത്തിയ ടെസ്റ്റിൽ പൊസറ്റീവ് ആകുകയും ചെയ്തിരുന്നു. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയെതെന്ന് ഡി.എം.ഒ പറഞ്ഞു. രോഗിയെ കൊണ്ടുപോയ ആംബുലൻസിന് വലിയ വാടക തുക ആശുപത്രി അധികൃതർ വാങ്ങിയതായും,​ ആശുപത്രിയ്ക്ക് അംഗീകൃത ലൈസൻസില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ നിലവിൽ ഡോക്ടറിന്റെ സേവനമില്ലെന്നും,​ മതിയായ ഓക്‌സിജൻ സൗകര്യമില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ചികിത്സയിലുണ്ടായിരുന്ന ഒമ്പതോളം രോഗികളെ തൃശൂർ മെഡിക്കൽ കോളേജിലേക്കും, കൊവിഡ് സെന്ററിലേക്കും മാറ്റി.

വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, ഡെപ്യൂട്ടി ഡി.എം.ഒ കെ.എൻ സതീഷ്, ജില്ലാ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രതിനിധികളായ അഡ്വ. ടി.എസ് മായാദാസ്, ടി.കെ രാജു, സജു ഫ്രാൻസിസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.