മലക്കപ്പാറ: തവളക്കുഴിപ്പാറയിലെ പോത്തുപാറയിൽ ചേക്കേറിയ ആദിവാസികളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കി അതിരപ്പിള്ളി പഞ്ചായത്ത്. 25 കുടുംബങ്ങളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് മുളയോലകളാൽ തീർത്ത ചാവടിയിൽ ക്ലാസ് ആരംഭിച്ചത്. വൈദ്യുതിയില്ലെങ്കിലും സോളാർ ഘടിപ്പിച്ച ടി.വിയിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതും തുടർന്നുള്ള മന്ത്രിമാരുടെ പ്രസംഗങ്ങളും ഇവർ നോക്കിയിരുന്നു. പിന്നീടു നടന്ന ക്ലാസുകളും കണ്ടു രസിച്ചു.
പ്രമോട്ടർ ഷിജുവാണ് ഓൺലൈൻ പഠത്തിന് നേതൃത്വം നൽകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകളുമായി എത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷും ചാവടിയിലെ പഠനമുറി സന്ദർശിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ഊരുമൂപ്പൻ ചന്ദ്രന് ആവശ്യമായ നിർദ്ദേശങ്ങളും നൽകി. സ്ഥിരം സമിതി അദ്ധ്യക്ഷ അഷിത രമേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആനക്കയം കോളനിയിൽ 2018ലെ പ്രളയത്തോടൊപ്പം ഉണ്ടായ ഉരുൾപ്പൊട്ടലിൽ വീടുകൾ ഉപേക്ഷിച്ചു വന്ന കാടർ കുടുംബങ്ങളാണ് ഇവിടെയുള്ളത്. തവളക്കുഴിപ്പാറയുടെ പ്രവേശന കവാടമായ പോത്തുപാറയിൽ 14 കുടുംബങ്ങൾ ഇതിനകം ചേക്കേറി കുടിലുകൾ കെട്ടി. ആനക്കയത്തുള്ള 25 കുടുംബങ്ങളാണ് പാറപ്പുറത്തും പുഴയോരത്തും മറ്റും താമസിച്ച ശേഷം ഒടുവിൽ തങ്ങൾക്കായി വനംവകുപ്പ് കണ്ടെത്തിയ ഇവിടുത്തെ ഭൂമിയിലെത്തിയത്. കുടുംബങ്ങളെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ എം.എൽ.എ ബി.ഡി. ദേവസി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് പോത്തുപാറയിൽ നാലര ഏക്കർ വനഭൂമി കണ്ടത്തിയത്. വനേതര ആവശ്യങ്ങൾക്ക് വനഭൂമി നൽകുന്നതിനുള്ള അപേക്ഷ ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആനക്കയത്തുള്ള കോളനി വീണ്ടും വനമാക്കി പ്രഖ്യാപിക്കുന്ന ദൗത്യവും കേന്ദ്ര സർക്കാർ ഇതോടൊപ്പം നിർവഹിക്കും.