ഗുരുവായൂർ: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരുന്ന ഗുരുവായൂരിൽ ആശ്വാസത്തിന്റെ ദിനങ്ങൾ. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ് ഡെസ്ക്കും കൺട്രോൾ റൂമും ജനങ്ങൾക്ക് ആശ്വാസമേകുന്നു. കൊവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ജാഗ്രതാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
ഹെൽപ്പ് ഡെസ്ക് / വാർ റൂം
11 കൗണ്ടറുകളായാണ് ജാഗ്രതാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിൽ പ്രവർത്തിപ്പിച്ചു കൊണ്ടാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ സൗകര്യത്തോടു കൂടിയ രണ്ട് ആംബുലൻസും ക്യാബിൻ സൗകര്യമുള്ള മൂന്ന് വാഹനവുമുണ്ട്. 'ഹലോ ഡോക്ടർ' പദ്ധതി മുഖേന ഏത് സമയവും മുപ്പതോളം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ടെലിമെഡിസിൻ കൺസൾട്ടേഷൻ, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സൗകര്യം എന്നിവയും ജാഗ്രതാ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ കൗണ്ടറുകളിലായി മുപ്പതോളം പേരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്. ഇതുവരെ 1197 പേർക്ക് ഗുരുവായൂർ നഗരസഭയുടെ ഹെൽപ് ഡെസ്ക്കിന്റെ സേവനം ലഭ്യമായിട്ടുണ്ട്. നഗരസഭയിലെ 3 ഡൊമിസിലറി കെയർ സെന്ററുകളിലേക്കും അഗതി ക്യാമ്പിലേക്കും ഹോം ഐസലേഷനിൽ ഉള്ളവർക്കും ഭക്ഷണം ആർ.ആർ.ടി അംഗങ്ങൾ മുഖേന നൽകുന്നു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന്റെ സഹായത്തോടെ ഇതുവരെ 45085 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവർക്കും പ്രത്യേക ശ്രദ്ധ വേണ്ട ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ എന്നിവരുടെ ക്ഷേമം സ്ഥിരമായി ഐ.സി.ഡി.എസ് സൂപ്പർവൈസർ അന്വേഷിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്തു. ആശാവർക്കർമാർ മുഖേന വാർഡിലെ ഹോം ഐസലേഷനിൽ ഉള്ളവരെ ബന്ധപ്പെട്ട് ആർ.ആർ.ടിമാർ വഴി ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നു.
കോർ കമ്മിറ്റി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതുകാര്യവും വിലയിരുത്തുന്നത് കോർ കമ്മിറ്റിയാണ്. നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, നോഡൽ ഓഫീസർമാർ, മെഡിക്കൽ ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ്മാർ എന്നിവർ ഉൾപ്പെട്ടതാണ് കോർ കമ്മിറ്റി. ഇവർക്ക് പുറമേ റവന്യൂ ഓഫീസർമാർ, റവന്യൂ സൂപ്രണ്ട്, സോണൽ സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർമാർ, പൊലീസ്, തഹസിൽദാർ, ഐസിഡിഎസ് സൂപ്പർവൈസർ, ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയാണ് ഓരോ ദിവസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.