barbar-shop

തൃശൂർ: കൊവിഡിന്റെ ആദ്യവരവിലും രണ്ടാം വരവിലും ലോക്കായത് ബാർബർമാരുടെ ജീവിതം. സമ്പർക്കം കൂടുതലായി ഉണ്ടാകാനിടയുള്ളതിനാലായിരുന്നു ആദ്യ ലോക് ഡൗണിൽ രണ്ട് മാസത്തിലേറെ അടച്ചിട്ടത്. ഇതോടെ പട്ടിണിയിലായ പലരും മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറി.

ആദ്യ ലോക്ക് ഡൗണിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് ബാർബർമാർക്ക് തൊഴിൽ സാഹചര്യമുണ്ടായത്. വീടുകളിലെത്തി മുടി മുറിക്കാമെന്ന സർക്കാരിന്റെ ആദ്യ പ്രഖ്യാപനം അംഗീകരിക്കാൻ ഭൂരിഭാഗം പേരും തയ്യാറായിരുന്നില്ല. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് കടുത്ത നിബന്ധനകളോടെ ഷോപ്പുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. രണ്ടാം തരംഗമെത്തിയതോടെ പല ഷോപ്പുടമകൾക്കും തൊഴിലാളികൾക്കും നട്ടെല്ലൊടിഞ്ഞ സ്ഥിതിയായി.

മുറി വാടക, കറന്റ് ബിൽ തുടങ്ങി വിവിധ ഇനത്തിൽ ആയിരങ്ങളാണ് നഷ്ടമാകുന്നത്. വായ്പ എടുത്തും മറ്റും സലൂണുകൾ തുടങ്ങിയവർ തിരിച്ചടവ് മുടങ്ങി കടുത്ത സാമ്പത്തിക ദുരിതത്തിലായി. ക്ഷേമനിധി ഉണ്ടെങ്കിലും പത്ത് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതിലുള്ളത്.

കടുത്ത നിയന്ത്രണം

ആദ്യ ലോക്ക് ഡൗണിന് ശേഷം ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയത്. കട്ടിംഗ്, ഷേവിംഗ് എന്നിവയ്ക്കായി വരുന്നവർ വൃത്തിയുള്ള തുണി, ടവ്വൽ എന്നിവ കൊണ്ടുവരണം. ആവശ്യക്കാർക്ക് ഡിസ്‌പോസിബിൾ ടവ്വൽ നൽകണം. ഒരേ സമയം കടകളിൽ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഉപകരണങ്ങളും കസേരകളും ഓരോ മുടിവെട്ടലിന് ശേഷവും അണുവിമുക്തമാക്കണം. കടകൾക്ക് മുമ്പിൽ കൈകഴുകാനും സാനിറ്ററൈസ് ചെയ്യാനുമുള്ള സംവിധാനവും വേണം.

പണിയില്ലാതാക്കി പുതുശീലം

കൊവിഡ് കാലത്ത് ഭൂരിഭാഗം പേരും സെൽഫ് ഷേവിംഗ് ശീലമാക്കി. കട്ടിംഗിന് മാത്രമാണ് ബാർബർ ഷോപ്പുകളെ ആശ്രയിക്കുന്നത്. ഇതോടെ വരുമാനം തുലോം കുറഞ്ഞു. അടച്ചുകിടക്കുന്നത് മൂലം ബാർബർമാർ ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ മിക്കതും കേടായി. ഫേഷ്യൽ കിറ്റ്, ഡൈകിറ്റ് എന്നിവയും നശിച്ചു. എ.സി, ഇൻവെർട്ടർ, ജനറേറ്റർ എന്നിവയൊക്കെ പ്രവർത്തനക്ഷമമാണോയെന്ന് കണ്ടറിയണം.

മൂന്ന് ദിവസമെങ്കിലും പ്രവർത്തന അനുമതി വേണം

ആഴ്ചയിൽ 3 ദിവസമെങ്കിലും പ്രവർത്തന അനുമതി വേണമെന്നാണ് ബാർബർ ബ്യൂട്ടീഷൻ മേഖലയിലുള്ളവരുടെ ആവശ്യം. സർക്കാർ നിഷ്‌കർഷിക്കുന്ന ഏത് നിബന്ധനകളും പാലിക്കാൻ തയ്യാറാണ്. നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം.