ganapathy-making
ജി. ഹരീഷ്

തൃശൂർ: പരിസ്ഥിതി സൃഹൃദമായി പ്ല‌സ് ടു വിദ്യാർത്ഥി ജി. ഹരീഷുണ്ടാക്കിയ ഗണപതി വിഗ്രഹം ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും. ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിലെ ബെസ്റ്റ് ഔട്ട് ഒഫ് വേസ്റ്റ് ' വിഭാഗത്തിലാണ് ഹരീഷിന്റെ ഗണപതി വിഗ്രഹം ഇടം കണ്ടെത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പഴയ പത്രക്കടലാസുകളും കാർഡ്‌ ബോർഡും പശയും ഉപയോഗിച്ച് വാട്ടർ കളർ ചെയ്താണ് ഹരീഷ് ഗണപതി വിഗ്രഹങ്ങൾ നിർമ്മിച്ചത്.

17 ഇഞ്ച് ഉയരവും 9.8 ഇഞ്ച് വലിപ്പവുമുള്ള ഗണേശ വിഗ്രഹങ്ങളാണ് ഹരീഷ് ഉണ്ടാക്കിയത്. 2018 മുതൽ ഇത്തരത്തിൽ 50 ലേറെ ഗണേശ വിഗ്രഹങ്ങൾ ഹരീഷ് ആവശ്യക്കാർക്ക് നിർമ്മിച്ച് നൽകുന്നുണ്ട്. കൊവിഡ് മൂലം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെയാണ് ഗണേശോത്സവം നടന്നതെങ്കിലും പലരും വീടുകളിൽ ഹരീഷ് നിർമ്മിച്ച ഇത്തരം ഗണപതി വിഗ്രഹങ്ങൾ വാങ്ങിവച്ചു. മുംബയിൽ നിന്നും മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ഹരീഷിന്റെ ഈ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. സാമ്പത്തിക ലാഭം നോക്കാതെ നിർമ്മാണത്തിന് വന്ന ചെലവ് മാത്രം ഈടാക്കിയാണ് വിഗ്രഹങ്ങൾ നൽകിയത്.

പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജി. ഹരീഷ് തൃശൂർ പൂരം ആനകൾ, കൽപ്പാത്തി രഥം, ദുർഗാദേവി, ശ്രീരാമ പട്ടാഭിഷേകം, വടക്കുന്നാഥക്ഷേത്രം തെക്കെ ഗോപുര നട മാതൃക എന്നിവയും കടലാസുകൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. ചിത്രരചന, മൃദംഗം, കീബോർഡ് എന്നിവയിലും പ്രാവീണ്യമുള്ള ഹരീഷ് പ്രശസ്ത മൃദംഗ വിദ്വാൻ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിലെ തൃശൂർ എച്ച്. ഗണേഷിന്റെയും ജ്യോതി ഗണേഷിന്റെയും മകനാണ്.

സുഹൃത്തുക്കളുടെയും പൂരപ്രേമി സംഘടനയുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരായ പ്രസാദിന്റെയും കെ. ജയകൃഷ്ണന്റെയും സ്‌കൂളിന്റെ ഡയറക്ടർ നളിനി ചന്ദ്രന്റെയും മറ്റ് അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമാണ് പ്രവർത്തനങ്ങളുടെ വിജയത്തിന് കാരണം.
- ജി. ഹരീഷ്‌