edakk

തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ കഷ്ടപ്പാടുകളുടെ നെല്ലിപ്പലക കണ്ട കലാകാരൻമാർ രണ്ടാം ലോക്ക് ഡൗണിൽ കുടുംബം പുലർത്താൻ നട്ടം തിരിയുന്നു. കുട്ടികളുടെ പഠനവും വഴിമുട്ടുന്നു. ബാങ്ക് ലോൺ എടുത്ത് കലാസംഘങ്ങൾ തുടങ്ങിയവർ ജപ്തിയുടെ വക്കിലാണ്. അവതരണങ്ങൾക്കുളള യാത്രയ്ക്കായി വാങ്ങിയ വാഹനങ്ങൾ കട്ടപ്പുറത്തായി. കൂലിപ്പണിക്ക് പോയാണ് പലരും കുടുംബം പോറ്റുന്നത്. പ്രൊഫഷണൽ കലാകാരന്മാർ മുതൽ തെരുവിൽ പാട്ടുപാടി നിത്യജീവിതത്തിനുള്ള വക തേടുന്നവർ വരെ സാമ്പത്തികപ്രതിസന്ധിയിലാണ്. ചെണ്ടമേളം, പഞ്ചാരിമേളം, നാഗസ്വരം, നാടകം, കഥകളി, ഓട്ടൻതുള്ളൽ, ഭജനസംഘങ്ങൾ, കഥാപ്രസംഗം, ബാലെ, ഡാൻസ്, മിമിക്‌സ്, ഗാനമേള ട്രൂപ്പുകൾ, ഓഡിയോ - വീഡിയോ റെക്കാഡിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയിലെ കലാകാരൻന്മാരുടെയും അനുബന്ധ ജോലികൾ ചെയ്യുന്നരുടെയും ജീവിതമാണ് ദുരിതത്തിലായത്. കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടെ നഷ്ടമായതൊന്നും ഇനി തിരിച്ചു കിട്ടുകയില്ലന്ന് അവർക്കറിയാം. അതുകൊണ്ട് പ്രത്യേക പാക്കേജും ഇൻഷ്വറൻസും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. ഉത്സവകാലമാണ് കലാകാരൻമാർക്ക് പ്രധാനമായും വരുമാനം ലഭിക്കുന്ന സമയം. ഒരു വർഷത്തേക്കുളള സമ്പാദ്യം സീസണിൽ നേടുകയാണ് പതിവ്. കഴിഞ്ഞ ഉത്സവകാലം കൊവിഡ് കാരണം കുറേയൊക്കെ ഉപേക്ഷിക്കേണ്ടി വന്നതിനാൽ വരുമാനം ഇല്ലാതായി.

 മുളവെട്ടുന്ന പാട്ടുകാരൻ വേലായുധൻ

പതിറ്റാണ്ടുകളായി തെരുവുകളിൽ പാട്ടുപാടുന്ന തണ്ടിലം വേലായുധന് എന്നും ഉത്സവകാലമായിരുന്നു. ഇപ്പോൾ മാസങ്ങളായി തെരുവുകളിൽ പാടാനാകുന്നില്ല വേലായുധന്. ആൾക്കൂട്ടങ്ങളില്ലാത്ത തെരുവിൽ പാട്ടുപാടിയാൽ ആര് പണം തരും? ഭാവഗായകൻ പി. ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം പാടുന്നത് കേൾക്കാൻ ജില്ലയ്ക്ക് പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു. ജയചന്ദ്രനും അദ്ദേഹത്തിന്റെ സുഹൃത്താണ്. കടം വാങ്ങിയും മുളങ്കൂട്ടങ്ങൾ വെട്ടിയും കൂലിപ്പണിയെടുത്തുമാണ് വേലായുധൻ ജീവിതം തളളിനീക്കുന്നത്.

കലാകാരൻമാർ ബഹുഭൂരിപക്ഷവും സീസണൽ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ അനിശ്ചിതത്വം നിറഞ്ഞതും ദുരിതപൂർണവുമാണ് ഭൂരിഭാഗം പേരുടെയും ജീവിതം. സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡി ക്‌ളെയിം ഇൻഷ്വറൻസ് പദ്ധതിയുടെ മാതൃകയിൽ കുറഞ്ഞ പ്രീമിയം കണക്കാക്കി കാഷ് ലെസ് മെഡിക്‌ളെയിം കലാകാരൻമാർക്കായി ആരംഭിക്കണം. ഏറെ കഷ്ടപ്പെടുന്നവരുടെ പ്രീമിയം തുക സർക്കാർ തന്നെ അടയ്ക്കണം. കേരള സംഗീതനാടക അക്കാഡമി വഴി ചുരുക്കം കലാകാരൻമാർക്ക് നൽകുന്ന കാഷ് ലെസ് മെഡിക്‌ളെയിം ഇൻഷ്വറൻസ് വിവിധ അക്കാഡമികളിലൂടെ മുഴുവൻ കലാകാരൻമാരിലേക്കും വ്യാപിപ്പിക്കണം.

- പെരുവനം സതീശൻ മാരാർ, ചെയർമാൻ, വാദ്യസംഗീതസഭ,

കൊടകര രമേശ്, സെക്രട്ടറി