k-surendran

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനടക്കം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ചോദ്യംചെയ്യാൻ ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച നോട്ടീസ് അയച്ചേക്കും.
പണം നഷ്ടപ്പെട്ടെന്ന് പരാതി നല്കിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉന്നത നേതാക്കളെ ചോദ്യംചെയ്യുന്നത്. സംഭവത്തിനുശേഷം മൂന്ന് ദിവസം ധർമരാജന്റെ ഫോണിലേക്ക് സംസ്ഥാന നേതാക്കളുടെ വിളിയെത്തിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി 29 തവണ ഉന്നത നേതാവ് ധർമരാജനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

പാർട്ടിയുടെയോ തിരഞ്ഞെടുപ്പിന്റെയോ ചുമതലയില്ലാത്ത ധർമരാജനുമായി തൃശൂരിലെ നേതാക്കളും സംസ്ഥാന നേതാക്കളും എന്തിന് ബന്ധപ്പെട്ടെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്ത നേതാക്കൾ നല്കിയതെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുമായി ധർമരാജൻ തൃശൂരിൽ എത്തിയെന്നാണ് ബി.ജെ.പി ജില്ലാ ഭാരവാഹികൾ മൊഴി നൽകിയത്. എന്ത് പ്രചാരണ സാമഗ്രിയാണെന്ന ചോദ്യത്തിന് ലെഡ്ജർ പരിശോധിക്കണമെന്നായിരുന്നു മറുപടി.

കാറിൽ 25 ലക്ഷമേ ഉണ്ടായിരുന്നുള്ളൂവെന്ന് ധർമരാജൻ ആദ്യം പറഞ്ഞെങ്കിലും ഒന്നേകാൽ കോടിയോളം പ്രതികളിൽ നിന്ന് കണ്ടെത്തിയതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ധർമരാജനെ ഫോണിൽ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി നേതാളെയും വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

കള്ളപ്പണ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കുറ്റപത്രം സമർപ്പിക്കുമ്പോൾ ബി.ജെ.പി നേതാക്കളുടെ മൊഴി കേസിന് ബലം പകരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര ദേശീയപാതയിലാണ് മൂന്നരക്കോടി തട്ടിയത്. ക്രിമിനൽ സംഘത്തിലെ 21പേർ അറസ്റ്റിലായി.

ബന്ധമില്ലെന്ന് പത്മകുമാർ

ബി.ജെ.പി മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ഇന്നലെ ചോദ്യം ചെയ്തു. കുഴൽപ്പണക്കേസുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് പത്മകുമാർ മൊഴിനൽകി. പൊലീസ് ക്ലബ്ലിൽ രാവിലെ പത്തര മുതൽ രണ്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് പത്മകുമാർ.

യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ ഉൾപ്പെടെ പ്രമുഖരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.

ബാക്കി പണത്തിനായി അന്വേഷണം

നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ബാക്കി പണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പ്രതികൾ പണം കൈമാറിയ കണ്ണൂർ, കാസർകോട് സ്വദേശികളെ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി. പ്രതികൾ കടം വാങ്ങിയ തുക തിരിച്ചു നൽകിയതാണെന്ന് അവർ പൊലീസിനോട് പറഞ്ഞു. കളവ് മുതൽ ആയതിനാൽ തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. ഇരുപത് ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ണൂർ, കാസർകോട് സ്വദേശികളുമായി നടത്തിയതായും പൊലീസ് കണ്ടെത്തി.