കയ്പമംഗലം: പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും നോക്കുകുത്തിയാക്കി കൊവിഡ് വ്യാപനം കൂടുതലുള്ള വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കുകയും രോഗവ്യാപനം കുറഞ്ഞ വാർഡുകളെ ഒഴിവാക്കാതിരിക്കുകയും ചെയ്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു.

രോഗ വ്യാപനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത 15, 19 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിലനിറുത്തുകയും, ആന്റിജെൻ ടെസ്റ്റ് കഴിഞ്ഞ മത്സ്യ തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അനുമതിയും അധികൃതർ നൽകിയിരുന്നു.

രോഗ വ്യാപനം കുറഞ്ഞ മറ്റു വാർഡുകളിലെ ആവശ്യമായ സ്ഥലങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശത്തെ പരിഗണിക്കാതെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്നത്.

ഇത്‌ പൊതുജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ആവശ്യമായ പ്രദേശങ്ങളിൽ മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നടപ്പാക്കണമെന്ന് പഞ്ചായത്ത് ഭരണ സമതി ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി പറഞ്ഞു.