കൊടുങ്ങല്ലൂർ: കൊവിഡ് പ്രോട്ടോക്കോളും ലോക്‌ഡൗൺ നിയന്ത്രണവും ലംഘിച്ച് വിദ്യാലയത്തിൽ പുസ്തക വിതരണവും, ഭക്ഷ്യ കിറ്റ് വിതരണവും നടത്തിയതായി ആരോപണം. ശൃംഗപുരം പി. ഭാസ്‌കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് നിയന്ത്രണങ്ങൾ പാലിക്കാതെ രക്ഷിതാക്കൾ ഒത്തുകൂടിയത്.
കുട്ടികൾക്കുള്ള പാഠപുസ്തകവും, സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റും വാങ്ങാനെത്തിയവർ അനിയന്ത്രിതമായി ഒത്തുകൂടിയതോടെയാണ് തിരക്കേറിയത്. തുടർന്ന് പൊലീസ് എത്തിയാണ് ആളുകളെ നിയന്ത്രിച്ചത്. പുസ്തകങ്ങളും, ഭക്ഷ്യ കിറ്റും വിതരണം ചെയ്യാൻ വിദ്യാലയത്തിൽ വേണ്ടത്ര ഒരുക്കങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് പരാതിയുണ്ട്. എന്നാൽ പി.ടി.എ ഭാരവാഹികളും ആർ.ആർ.ടി പ്രവർത്തകരും കൃത്യമായി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിവന്ന പുസ്തക വിതരണം ചില അദ്ധ്യാപകരുടെ അനാവശ്യ ഇടപെടൽ മൂലം വിവാദത്തിന് വഴിവച്ചതാണെന്നും പറയപ്പെടുന്നുണ്ട്.