ചാവക്കാട്: കോടികൾ ചെലവഴിച്ച് ടാറിംഗ് നടത്തിയ ചാവക്കാട് ദേശീയപാത 66ൽ കുഴികൾ രൂപപ്പെടുന്നു. കഴിഞ്ഞ നവംബറിൽ തകർന്ന് കിടന്നിരുന്ന ചാവക്കാട് മുതൽ തളിക്കുളം വരെയുള്ള റോഡാണ് ജർമൻ നിർമിത കോൾഡ് മില്ലിംഗ് മെഷീൻ ഉപയോഗിച്ച് റീ ടാറിംഗ് നടത്തിയത്. എന്നാൽ ഇപ്പോൾ ചാവക്കാട് ടൗണിലാണ് ഒരു ഭാഗത്ത് കുഴികൾ രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നത്. കേരളത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ആലപ്പുഴയിൽ റോഡ് പണി നടത്തിയിരുന്നു. രണ്ടാമതാണ് ചാവക്കാട് നടത്തിയത്. തമിഴ്‌നാട് ഈ റോഡുള്ള കാവേരി കൺസ്ട്രക്ഷനാണ് റോഡിന്റെ റി ടാറിംഗ് നടത്തിയത്. വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ റോഡ് തകരില്ലെന്നതും നിർമ്മാണ ചെലവ് കുറച്ച് വേഗത്തിൽ പണി പൂർത്തീകരിക്കാം എന്നതുമായിരുന്നു ഈ സാങ്കേതിക വിദ്യയുടെ മേൻമ എന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെട്ടിരുന്നത്. എന്നാൽഏഴ് മാസത്തിനുള്ളിൽ റോഡിൽ കുഴി രൂപപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട് കരാറുകാരിൽ നിന്ന് വിശദീകരണം തേടാനുളള ഒരുക്കത്തിലാണ് അധികൃതർ.