കൊടുങ്ങല്ലൂർ: ചരിത്ര സ്മാരകങ്ങളിലൊന്നായ തിരുവഞ്ചിക്കുളം കനാൽ ഓഫീസ് നിലംപതിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവഞ്ചിക്കുളം ബംഗ്ലാവ് എന്ന കനാൽ ഓഫീസ് പുനരുദ്ധരിക്കാനിരിക്കെയാണ് തകർന്നു വീണത്.
കെട്ടിടത്തിന്റെ ഓട് മേഞ്ഞ മേൽക്കൂര ഉൾപ്പെടെ പ്രധാന ഭാഗങ്ങളെല്ലാം തകർന്ന നിലയിലാണ്. മുസ്‌രിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി രണ്ട് കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടം സംരക്ഷിക്കുന്നതിന് നടപടികൾ പരോഗമിക്കുകയായിരുന്നു.
അറ്റകുറ്റപ്പണികൾ നീണ്ടു പോയതോടെ കെട്ടിടം കൂടുതൽ ജീർണതയിലായി. കനോലി കനാലിന്റെ തീരത്ത് നാൽപ്പത് സെന്റ് സ്ഥലത്ത് ഇരുനിലകളിലായി ഏകദേശം നാലായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്നു തിരുവഞ്ചിക്കുളം കനാൽ ഓഫീസ്. കൊച്ചി രാജാവ് തിരുവഞ്ചിക്കുളം ക്ഷേത്ര ദർശനത്തിനെത്തമ്പോൾ വിശ്രമിച്ചിരുന്ന ഇടത്താവളമാണ് പിന്നീട് കനാൽ ഓഫീസായി മാറിയത്. ജലവിഭവ വകുപ്പിന് കീഴിൽ ജല വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനയും, രജിസ്‌ട്രേഷനും മറ്റും നടത്തുന്ന തൃശ്ശൂർ - മലപ്പുറം ജില്ലകളിലെ ഏക ഓഫീസായിരുന്നു കനാൽ ഓഫീസ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കനാൽ ഓഫീസുകളിലൊന്നാണിത്.