ചാലക്കുടി: ലോക്ക് ഡൗണിനെ തുടർന്ന് ലോക്കായി കപ്പകൃഷി. ചാലക്കുടിയിലും വിവിധ പഞ്ചായത്തുകളിലുമായി അയ്യായിരം ടണ്ണിൽ കൂടുതൽ കപ്പ വിളവെടുക്കാനാകാതെ മണ്ണിനടിയിൽ കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരം. കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട സമൂഹ അടക്കളയിലും ഭക്ഷ്യക്കിറ്റ് വിതരണത്തിലുമാണ് ഇപ്പോൾ ഇവയുടെ ഉപയോഗം.

മേയ്, ജൂൺ മാസങ്ങളിൽ പറിച്ചു വിൽപ്പന നടത്തും വിധമാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും കൃഷിയുടെ തുടക്കം. ലോക്ക് ഡൗൺ മാറുമ്പോഴേയ്ക്കും ഉടലെടുക്കുന്ന കാലവർഷത്തിൽ ഇക്കൊല്ലത്തെ കപ്പകൃഷിയും വിലയം പ്രാപിക്കും. മണ്ഡലത്തിൽ കൂടുതൽ കപ്പകൃഷി നടക്കുന്ന പഞ്ചായത്താണ് മേലൂർ. ആയിരം ടണ്ണിൽ കൂടുതൽ കിഴങ്ങ് വിവിധ പാടശേഖരങ്ങളിലായി ഇവിടെ മണ്ണിനടിയിലാണ്. ഇത്തവണ കർഷകർ കൂടുതൽ സ്ഥലങ്ങളിൽ കൃഷി നടത്തിയതും കപ്പ വിപണനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും പറയുന്നു. ലോക്ക് ഡൗൺ തുടങ്ങും മുമ്പ് കിലോക്ക് എട്ടു രൂപയുണ്ടായിരുന്നത് ഇപ്പോൾ നാലിലേക്ക് താഴ്ന്നു. എന്നിട്ടും പറമ്പുകളിൽ നിന്നും കൊണ്ടുപോകാൻ ആളില്ല. പ്രളയവും അതിവർഷവും മേലൂരിലെ ഹെക്ടർ കണക്കിന് സ്ഥലത്തെ കപ്പകൃഷിയെ കശക്കിയെറിഞ്ഞു.

വായ്പകളുടെ ബലത്തിൽ വീണ്ടും കൃഷിയിടത്തിലിറങ്ങിയ കർഷകരെ കൊവിഡും വെറുതെ വിടുന്ന ലക്ഷണമില്ല. മൂന്നര ദശാബ്ദമായി മണ്ണിനോട് മല്ലിടുന്ന പൂലാനി എടത്രക്കാവിലെ എട്ടുവീട്ടിൽ ബാഹുലേയന്റെ നാൽപ്പത് ടൺ കപ്പ മൂപ്പെത്തിയിട്ടും പറക്കാൻ കഴിയാതെ മണ്ണിനടിയിൽ കിടക്കുകയാണ്. ഒരു മാസത്തിനകം വിളവെടുത്തില്ലെങ്കിൽ ഇക്കുറി ഇതെല്ലാം പാഴ്‌വേലയാകുമെന്ന് ബാഹുലേയൻ പറയുന്നു. ആയിരത്തോളം വാഴകളുമുള്ള ഇയാൾക്ക് കഴിഞ്ഞ നാലുവർഷമായി കാർഷിക വൃത്തിയിൽ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമെയുള്ളു. മഴ തുടങ്ങിയാൽ കൃഷിയിടങ്ങളിലെ വെള്ളക്കെട്ട് മൂലം കപ്പകെളെല്ലാം ചീഞ്ഞു തുടങ്ങും. സ്റ്റാർച്ചിന്റെ അംശം കുറവുള്ള ജില്ലയിലെ കപ്പകൾ മറ്റു സംസ്ഥാനങ്ങളിൽ പ്രിയം കുറവാണ്. ഭക്ഷ്യേതര ആവശ്യത്തിന് സ്റ്റാർച്ചിന്റെ കുറവുള്ള കപ്പകൾ ഉപയോഗിക്കാത്തതാണ് കാരണം. കപ്പയ്ക്കും തറവിലയെന്ന ആവശ്യം സർക്കാർ അംഗീകരിച്ചാൽ മാത്രമെ ഇനി കർഷകർക്ക് രക്ഷയുള്ളുവെന്ന് ബാഹുലേയൻ ചൂണ്ടിക്കാട്ടുന്നു.