ചാലക്കുടി: കാലം തെറ്റിയെത്തിയ മഴക്കാലം പതിനായിരക്കണക്കിന് ചക്കകളെ പറമ്പുകളിൽ മണ്ണിനു വളമാക്കുകയാണ്. എവിടെ നോക്കിയാലും ഇപ്പോൾ ചക്കകൾ മാത്രം. പ്ലാവുകൾ നിറയെ തൂങ്ങികിടക്കുന്ന വലുതും ചെറുതുമായ ചക്കകൾ ഇടുന്നതിനു പോലും ആരും മുതിരുന്നില്ല. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷ്യ വസ്തുക്കൾ സാമൂഹ അടുക്കളയിൽ എത്തുന്നതു മാത്രമാണ് അൽപ്പെങ്കിലും ആശ്വാസം. വിളകളുടെ കാലം തെറ്റുന്ന വിളവും ഈ ചക്കക്കാലത്തെ വികലമാക്കി.

ഡിസംബർ മാസത്തോടെ വിളവെടുത്തു തുടങ്ങാറുള്ള ചക്കകൾ ഇക്കുറി മൂത്തു തുടങ്ങിയത് മാർച്ച് അവസാനത്തിലാണ്. ഇതിനിടെ മഴയും കാറ്റും ചക്ക വിപണിയുടെ ശുക്രദശയിൽ കരിനിഴൽ പരത്തി. ഇതര സംസ്ഥാനത്തേക്കുള്ള കയറ്റുമതി പിന്നാലെ വന്ന ലോക്ക് ഡൗണിൽ നിലച്ചു. മൂപ്പില്ലാത്ത ചക്കയാണ് യു.പി, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആവശ്യം. മൂപ്പായാൽ പിന്നീടിവ അയൽ സംസ്ഥാനമായ തമിഴ്‌നാടിന് മാത്രമാണ് ആവശ്യം. ഇക്കുറി കാലവർഷത്തിന്റെ വരവും ഇതിനും തടയിടും. മൊത്ത കച്ചവടക്കാരായ പലരും ലോക്ക് ഡൗണോടെ ആപ്പിലായി. ഫാമുകളിലും വലിയ പറമ്പുകളിലും മുൻകൂർ പണം നൽകി കച്ചവടം ഏറ്റിരിക്കുന്ന പൂലാനിയിലെ കാരേക്കാടൻ ഗോപി ഇപ്പോൾ നിസഹായാവസ്ഥയിലാണ്. ഇത്തരത്തിൽ ജില്ലയിലെ മിക്കയിടങ്ങളിലും വൻതോതിൽ കച്ചവടം ചെയ്യുന്ന ഗോപിയുടെ ലക്ഷക്കണക്കിന് രൂപ കയ്യാല പുറത്തെ തേങ്ങ പോലെയായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചക്കവിപണം ജീവിത ഉപാതിയാക്കിയ ഇയാൾക്ക് നാലു വർഷമായി മനം മടുക്കുന്ന അനുഭവമാണ് സമ്പാദ്യം. കൃഷി വകുപ്പിന്റെ കൈത്താങ്ങുണ്ടായില്ലെങ്കിൽ ഈ മേഖല തകരുമെന്ന് ഗോപി പറയുന്നു. പ്ലാവിലെ മൊത്തം വിളകൾ ലേലം കൊള്ളലാണ് ഇയാളുടെ കച്ചവട രീതി. ആറു മാസക്കാലം ദിനംപ്രതി നാല് ടൺ ചക്കകൾ കയറ്റി അയക്കാറുണ്ട്. മറ്റു കച്ചവടക്കാർ തുടക്കത്തിൽ കിലോയ്ക്ക് 12 രൂപ മുതൽ ചക്ക വാങ്ങിത്തുടങ്ങും. ഒടുവിൽ ആറിലുമെത്തും. ചാലക്കുടിയിൽ പരിയാരം, കോടശേരി എന്നിവിടങ്ങളാണ് ചക്കകളേറെയുള്ളത്. മാള, കൊമ്പിടി എന്നിവിടങ്ങളിലും വ്യാപകമായി ചക്ക വിപണനം നടക്കുന്നു. എറണാകുളത്തെ പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളും ചക്കകൾക്ക് കേൾവി കേട്ടയിടങ്ങളാണ്.