ചേലക്കര: റോഡുവക്കിലെ അനധികൃത നിർമ്മാണം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പൊലീസെത്തി തടഞ്ഞു. ചേലക്കര ഫെഡറൽ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുമ്പിൽ റോഡിനോട് ചേർന്ന് കുഴി എടുത്ത് നടത്തിയ നിർമ്മാണ പ്രവൃത്തികൾക്ക് പഞ്ചായത്ത് ബുധനാഴ്ച സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഉടമസ്ഥൻ നേരിട്ട് കൈപ്പറ്റാത്തതിനെ തുടർന്ന് നോട്ടീസ് ഭിത്തിയിൽ പതിപ്പിച്ച് പോന്നിരുന്നു. എന്നാൽ അന്നേ ദിവസം രാത്രിയിൽ അവിടെ കോൺക്രീറ്റിംഗ് നടത്തുന്ന വിവരം അറിഞ്ഞ ചേലക്കര പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുർന്ന് ചേലക്കര പൊലീസ് എത്തി നിർമ്മാണം നിറുത്തിവെപ്പിക്കുകയായിരുന്നു.
സംസ്ഥാന പാതയോട് ചേർന്നാണ് കെട്ടിട ഉടമ അപകടകരമാം രീതിയിൽ കുഴി നിർമ്മിച്ചത്. പത്തടയോളം താഴ്ചയിൽ 15 അടിയോളം നീളത്തിൽ നിർമ്മിക്കുന്ന കുഴി ഒറ്റവരിയിൽ സിമന്റ് കട്ട വെച്ചാണ് അരിക് കെട്ടുന്നത്. റോഡിനോട് ചേർന്ന് ദുർബലമായ ഭിത്തിയോടുകൂടി നിർമ്മിച്ച കുഴി ഭാരമുള്ള വാഹനങ്ങൾക്ക് അപകട ഭീഷണിയുണ്ടാക്കുമെന്ന ആക്ഷേപമുണ്ടായിരുന്നു. കെട്ടിടത്തിലെ മലിന ജലം ഒഴുക്കികളയാനാണ് ഇവിടെ കുഴിയെടുത്തതെന്നാണ് വിവരം.