തൃശൂർ: അപേക്ഷയുമെഴുതി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാത്തു നിൽക്കുന്ന സമ്പ്രദായത്തോട് ഇനി മുതൽ അന്നമനടക്കാർക്ക് ഗുഡ്‌ബൈ പറയാം. പഞ്ചായത്ത് സേവനങ്ങളെയെല്ലാം മൊബൈൽ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിടുകയാണ് അന്നമനട പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ സ്വന്തം ആപ്ലിക്കേഷൻ എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കിയാണ് സേവനത്തിനായുള്ള പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഏത് സേവനങ്ങളും എപ്പോൾ വേണമെങ്കിലും നമുക്ക് നടത്താവുന്നതാണ്. അധികം വൈകാതെ ആപ്പിന്റെ സേവനം അന്നമനടക്കാർക്ക് ലഭ്യമാക്കും.
പഞ്ചായത്ത് ആപ്പ് എങ്ങനെ?
സ്മാർട്ട് ഫോൺ ഉള്ള ഏതൊരാൾക്കും പ്ലേസ്റ്റോറിൽ നിന്നും അന്നമനട പഞ്ചായത്ത് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്‌തെടുക്കാം. ലളിതമായ വാക്കുകളിലാണ് ഓരോ കാര്യങ്ങളും ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് ആവശ്യമാണോ നമുക്കുള്ളത് അതുമായി ബന്ധപ്പെട്ട ബോക്‌സിൽ ടച്ച് ചെയ്ത് വേണ്ട വിവരങ്ങൾ നൽകി ഉടൻ സേവനം ഉറപ്പാക്കാം. കൂടുതൽ സംശയ നിവാരണങ്ങൾക്ക് പഞ്ചായത്തിനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, മെയിൽ ഐഡി തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിലുണ്ട്. ഒരു പ്രാവശ്യം ഫോണിൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ നോട്ടിഫിക്കേഷനും മെസ്സേജായി ലഭിക്കും.
ആപ്പിനെ പരിചയപ്പെടാം
കൂടുതൽ സൗകര്യത്തിനായി മലയാളത്തിലാണ് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സേവനങ്ങളും രേഖകളും, മെമ്പർമാരുടെ വിവരങ്ങൾ, ആരോഗ്യ രംഗത്തെ അവശ്യ സർവീസിനായി ബ്ലഡ് ബാങ്ക് വിവരങ്ങൾ, മറ്റു പ്രധാന നമ്പറുകൾ എന്നിവയാണ് പ്രധാനപ്പെട്ട നാല് ഐക്കണുകൾ. ഇതിൽ സേവനങ്ങൾ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ലഭ്യമായ എല്ലാ വിവരങ്ങളുടെയും നീണ്ട പട്ടിക നമുക്ക് ലഭിക്കും. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ, വിവാഹ രജിസ്‌ട്രേഷൻ തിരുത്തലുകൾ, ജനന മരണ രജിസ്‌ട്രേഷൻ, കെട്ടിട നിർമ്മാണ എൻ.ഒ.സി, കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള പെർമിറ്റ് എന്നിങ്ങനെ നാൽപതോളം സേവനങ്ങളുടെ പട്ടികയിൽ നിന്നും ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. പ്രസിഡന്റ് നൽകുന്ന സേവനങ്ങളുടെ വിവരങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു. ലൈഫ് സർട്ടിഫിക്കറ്റ്, തൊഴിൽ രഹിതരാണെന്നുള്ള സർട്ടിഫിക്കറ്റ്, ഒപ്പും പകർപ്പും സാക്ഷ്യപ്പെടുത്തൽ, വ്യക്തിഗത തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. കുറഞ്ഞസമയം കൂടുതൽ സേവനങ്ങൾ പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളിലെ ഫോൺ നമ്പറും ആപ്പിലുണ്ട്. കൃഷി,ഇറിഗേഷൻ, വില്ലേജ് ഓഫീസ്, ആശുപത്രി, വിദ്യാഭ്യാസം, ബാങ്കിംഗ്, വൈദ്യുതി തുടങ്ങിയവയുടെ നമ്പറുകളാണ് നൽകിയിട്ടുള്ളത്. ഇതിന് പുറമെ സമീപ പഞ്ചായത്തുകളിലെയും കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ ഓഫീസ് നമ്പറുകളും നൽകിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനായി ആംബുലൻസ്, ടാക്‌സി നമ്പറുകളും നൽകിയിട്ടുണ്ട്. വിവരാവകാശ അപേക്ഷകളും മറ്റും നൽകുന്നതിന് ആവശ്യമായ നിർദേശങ്ങളും ആപ്പിൽ കാണാം. പൊതുജനങ്ങൾക്കുള്ള പരാതികളും മറ്റും നൽകുന്നതിനായി ബന്ധപ്പെടേണ്ട തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്റെയും ട്രൈബ്യൂണലിന്റെയും വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പെൻഷൻ സംബന്ധിച്ച വിവരങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, വസ്തു നികുതി, ഉടമസ്ഥാവകാശം എന്നീ മുൻഗണന വിഭാഗങ്ങൾ സംബന്ധിച്ച വിവരങ്ങൾക്കായി ഹോം പേജിൽ തന്നെ വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.