കൊടുങ്ങല്ലൂർ: നഗരസഭയിൽ മഴക്കാല ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് വൃത്തിയാക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ തോടുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കുകയും, പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയുന്നതിനും, കൊതുകിന്റെ വ്യാപനം തടയുന്നതിനുമുള്ള നടപടികൾ ആരംഭിച്ചു.
ജെ.സി.ബി, ഹിറ്റാച്ചി എന്നിവ ഉപയോഗിച്ചും തൊഴിലാളികളെയും സന്നദ്ധ പ്രവർത്തകരെയും പങ്കെടുപ്പിച്ചുമാണ് പ്രവർത്തനം നടന്നത്. ഓരോ വാർഡിലും 30,000 രൂപ വീതം ശുചീകരണ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അനുവദിച്ചിട്ടുണ്ട്. വീടുകളിലും ശുചീകരണ പ്രവർത്തനം നടത്തുവാൻ അധികൃതർ ആവശ്യപ്പെട്ടു. കിണറുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനും നിർദ്ദേശങ്ങൾ നൽകി.
നഗരസഭ തല ഉദ്ഘാടനം സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ ചെയർപേഴ്‌സൺ എം.യു ഷിനിജ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.ആർ ജൈത്രൻ അദ്ധ്യക്ഷനായി. എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, കെ.വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.