കൊടുങ്ങല്ലൂർ: തീരദേശ മണ്ഡലങ്ങളിൽ ഒന്നായ കയ്പമംഗലത്തിന് ബഡ്ജറ്റിൽ മികച്ച പരിഗണന. കടൽ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ നൂതന മാർഗ്ഗമായ ടെട്രോപോഡുകളും ഡയഫ്രം മതിലുകളും ഉപയോഗിച്ച് തീരസംരക്ഷണം സാദ്ധ്യമാക്കുന്ന പദ്ധതിക്ക് 5300 കോടി രൂപയാണ് സർക്കാർ നീക്കി വെച്ചിരിക്കുന്നത്. ഇതിന്റെ ഗുണം തീരദേശ മേഖലയ്ക്കാകെ ലഭിക്കുമ്പോൾ ഒരു പങ്ക് കയ്പമംഗലത്തിനും ലഭിക്കും.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അഴീക്കോട് മുതൽ ചാമക്കാല വരെയുള്ള റോഡിന്റെ നിർമ്മാണം കയ്പ്പമംഗലം അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റം ഉണ്ടാക്കും. അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും.
50 മീറ്റർ കടലിനോട് ചേർന്ന് ദൂര പരിധിയിൽ താമസിക്കുന്നതും പുനർ ഗേഹത്തിൽ ഉൾപ്പെടാത്തതുമായ മുഴുവൻ ആളുകൾക്കും വീടും സ്ഥലവും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ അനുവദിക്കാനാവശ്യമായ തുക വകയിരുത്തി. എടവിലങ്ങ് പഞ്ചായത്തിൽ ആധുനിക ക്രിമറ്റോറിയത്തിന് ഒന്നരക്കോടിയും എടത്തിരുത്തി പഞ്ചായത്ത് കെട്ടിടം വിപുലീകരിക്കാനായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്. മതിലകം അഗ്രോ സെന്ററിന്റെ സമഗ്ര വികസനത്തിനായി ആവശ്യമായ മുഴുവൻ തുകയും വകയിരുത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്ക് അവസാന ബഡ്ജറ്റിലൂടെ അനുവദിച്ച മുഴുവൻ പദ്ധതികളും തുടരും.
പെരുംതോട് കൂടുതൽ വൃത്തിയാക്കി നവീകരിക്കാൻ ഒന്നരക്കോടി
ബഹദൂർ സ്മാരക സിനിമ തിയേറ്റർ അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിൽ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ
കാര മൈതാനം സ്‌റ്റേഡിയമാക്കുന്നതിന് ഒന്നരക്കോടി
കയ്പമംഗലം വഞ്ചിപ്പുരയിൽ മത്സ്യ സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് 3 കോടി
മൂന്നുപീടിക സുജിത്ത് റോഡ് സമീപ പ്രദേശങ്ങളിലെ പ്രധാന റോഡുകൾ ബി എം ആൻഡ് ബിസി നിലവാരത്തിലാക്കാൻ രണ്ട് കോടി
എടവിലങ്ങ് കൈതോല കൃഷി ആധുനികവത്കരണത്തിന് 50 ലക്ഷം
മതിലകം രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മാണത്തിന് ഒരു കോടി
മതിലകം പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി
എടത്തിരുത്തി ഐ.ടി.ഐക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് ഒന്നരക്കോടി
അഴീക്കോട് ആധുനിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിക്കാൻ 50 ലക്ഷം
ശ്രീനാരായണപുരം പി. വെമ്പല്ലൂർ കമ്പനിക്കടവ് ഫിഷ്‌ലാൻഡിംഗ് സെന്റർ സ്ഥാപിക്കാൻ രണ്ട് കോടി
മൂന്നുപീടിക സെന്ററിൽ മത്സ്യ വിപണന മാർക്കറ്റിനും ഷോപ്പിംഗ് കോംപ്ലക്‌സിനുമെല്ലാമായി ഏഴ് കോടി
ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ കെ.എസ് ചാത്തുണ്ണി മെമ്മോറിയൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം - എക്‌സിബിഷൻ സെന്ററിന് രണ്ട് കോടി
മുരുകൻ റോഡ് നവീകരണം ബി.എം ആൻഡ് ബി.സി ടാറിംഗിനും കാന നിർമ്മാണത്തിനും രണ്ട് കോടി
ശ്രീനാരായണപുരം പതിയാശ്ശേരി പാലം വാട്ടർ ടാങ്ക് റോഡിന് മൂന്ന് കോടി