budget

തൃശൂർ: ബഡ്ജറ്റിൽ വാക്‌സിനേഷനോടൊപ്പം തീരസംരക്ഷണത്തിനും പ്രഥമ പരിഗണന നൽകിയതോടെ ജില്ലയുടെ തീരദേശമേഖലയ്ക്ക് ആശ്വാസം. കടൽഭിത്തി തകർന്ന് പോയ സ്ഥലങ്ങളിലും കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും നൂതന മാർഗമായ ടെട്രോപോഡുകളും ഡയഫ്രം മതിലുകളും ഉപയോഗിച്ച് തീരസംരക്ഷണം സാദ്ധ്യമാക്കുന്ന പദ്ധതിക്ക് 5300 കോടിയാണ് നീക്കി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കടൽക്ഷോഭ ഭീഷണി നേരിടുന്ന തീരദേശത്തിന് ഏറെ പ്രതീക്ഷ നൽകുന്നു.

കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ഗുരുവായൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ നീണ്ടുകിടക്കുന്നതാണ് ജില്ലയിലെ പ്രധാന തീരമേഖല. കിഫ്ബിയിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികളിൽ തീരദേശ ഹൈവേ ഉൾപ്പെടുത്തിയതും പ്രയോജനകരമാകും. ഏഴ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അഴീക്കോട് മുതൽ ചാമക്കാല വരെയുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനത്തിൽ മാറ്റം ഉണ്ടാക്കും. അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തുക മുഴുവൻ മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കും.

50 മീറ്റർ കടലിനോട് ചേർന്ന് ദൂരപരിധിയിൽ താമസിക്കുന്നതും 'പുനർഗേഹ'ത്തിൽ ഉൾപ്പെടാത്തതുമായ മുഴുവൻ ആളുകൾക്കും വീടും സ്ഥലവും വാങ്ങാൻ പത്ത് ലക്ഷം രൂപ അനുവദിക്കും. മതിലകം അഗ്രോ സെന്ററിന്റെ സമഗ്ര വികസനത്തിനായി ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചു.

ടൂറിസം വഴി വികസനം

ടൂറിസത്തിന് ദീർഘകാലപദ്ധതി വിഭാവനം ചെയ്യുന്ന ബഡ്ജറ്റ്, കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ വിനോദ സഞ്ചാരികളേക്കാൾ ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൊവിഡിൽ തകർന്ന ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് പ്രാധാന്യം നൽകുന്ന ബഡ്ജറ്റിൽ, ഇതിനുള്ള പ്രത്യേക പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി നീക്കിവയ്ക്കുന്നുണ്ട്. ആതിരപ്പിള്ളി വെള്ളച്ചാട്ടം, മലക്കപ്പാറ, പീച്ചി, ചിമ്മിനി ഡാമുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇത് ഗുണം ചെയ്യും. വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിന് 50 കോടി അധികം നീക്കിവച്ചിട്ടുണ്ട്.

കുടുംബശ്രീ ഐശ്വര്യം കൊണ്ടുവരുമോ ?


സഹകരണ ബാങ്കുകൾക്ക് കെ.എഫ്.സി വഴി കൂടുതൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിഷരഹിത നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് കുടുംബശ്രീ സ്‌റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുമ്പോൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കും. കൃഷിയിൽ ഏറെ മുന്നിലുളള ജില്ലയ്ക്ക് ഇത് ഏറെ സഹായകരമായേക്കും. ഇതോടൊപ്പം നേരിട്ട് കർഷകർക്കും കുറഞ്ഞ പലിശയിൽ ലോൺ ലഭിക്കും. 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപനം കുടുംബശ്രീ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജില്ലയ്ക്കും ഗുണകരമാകും. തൊഴിലുറപ്പിൽ കൂടുതൽ പ്രവൃത്തി ദിനങ്ങൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ ഇത് താഴെത്തട്ടിൽ പണമെത്തിക്കാൻ ഇടയാക്കും.