കൊടുങ്ങല്ലൂർ: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. സബ്മിഷനിലൂടെയാണ് എം.എൽ.എ ഇക്കാര്യം ഉന്നയിച്ചത്. ലോക്ഡൗൺ കാലത്ത് കെട്ടിട നിർമ്മാണ മേഖലയിൽ അനാവശ്യമായി വില വർദ്ധിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ടൈസൺ മാസ്റ്റർ ചൂണ്ടിക്കാണിച്ചു.
വിലവർദ്ധന സാധാരണക്കാരെയും ചെറുകിട കരാറുകാരെയുമാണ് പ്രതിസന്ധിയിലാക്കുന്നത്. ജനുവരിയിൽ കിലേഗ്രാമിന് 56 രൂപ ഉണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ 102 രൂപയാണ്. ഒരു ചാക്ക് സിമന്റിന് 350 രൂപ ആയിരുന്നത് 500 രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ ഇലക്ട്രിക്കൽ, പ്ലമ്പിംഗ്, സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങിയ സാമഗ്രികൾക്ക് 40 ശതമാനം വരെ വിലവർദ്ധനവ് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് വിലവർദ്ധനവ് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ടൈസൺ മാസ്റ്റർ ആവശ്യപ്പെട്ടു.