ഗുരുവായൂർ: ക്ഷേത്രവാദ്യകലാകാരൻമാർക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച ധനസഹായം വിതരണം തുടങ്ങി. 96 കലാകാരൻമാർക്ക് ഇന്നലെ അവരുടെ അക്കൗണ്ട് വഴി പണമയച്ചു നൽകി. ഇനി 375 പേർക്ക് അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും. കൊവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തിലാണ് ദേവസ്വം 500 വാദ്യകലാകാരന്മാർക്ക് 3000 രൂപ ധനസഹായം പ്രഖ്യാപിച്ചത്. ജില്ലയിലെ 300 പേർക്ക് മുൻഗണനയും നൽകി. എന്നാൽ ദേവസ്വം കമ്മീഷ്ണർ അനുമതി നൽകാത്തതിനാൽ തുക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രഖ്യാപനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും ധനസഹായം നൽകാത്തതിനെതിരെ വിമർശനം ഉയരാൻ തുടങ്ങിയതിനെ തുടർന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടു. തിങ്കളാഴ്ച ദേവസ്വം കമ്മിഷണറുടെ അനുമതി ദേവസ്വത്തിൽ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭരണസമിതി ഓൺലൈൻ യോഗം ചേർന്നാണ് ധനസഹായ വിതരണത്തിന് തീരുമാനം എടുത്തത്. ആകെയുളള 509 അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 471 വാദ്യക്കാർക്ക് 3000 രൂപ വീതമാണ് സഹായം നൽകാൻ തീരുമാനിച്ചിട്ടുള്ളത്.