m-l-a
ജൈവ വൈവിദ്ധ്യ ഉദ്യാനം രണ്ടാം ഘട്ട നിര്‍മ്മാണം ഉദ്ഘാടനത്തിന് നട്ടമാവിന്‍ തൈക്ക് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ വെള്ളം ഒഴിക്കുന്നു

പുതുക്കാട്: റെയിൽവേയുടെ കൈവശമുള്ള കാടുപിടിച്ച് കിടന്ന സ്ഥലത്ത് രണ്ടായിരാമാണ്ടിലെ പരിസ്ഥിതി ദിനാചരണത്തിൽ നട്ടുവളർത്തിയ ഫലവൃക്ഷങ്ങൾ പരിസ്ഥിതി ദിനത്തിൽ മരം നടുന്നവർ കാണേണ്ടതും പഠിക്കേണ്ടതുമാണ്. സ്റ്റേഷൻ പരിസരത്തിന് അലങ്കാരമായി മാറിയ ഉദ്യാനത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനത്തിനെത്തിയവർക്കും അവർ നടുന്ന മരങ്ങൾ വളർന്ന് ഫലം നൽകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ നട്ട മരങ്ങളിൽ ഒന്നു പോലും നശിക്കാതെ ഇവിടെ വളർന്നു നിൽക്കുന്നത് കാണേണ്ടതും വേറിട്ട കാഴ്ചതന്നെ.

ടി.എൻ പ്രതാപൻ എം.പിയും മന്ത്രി സി. രവീന്ദ്രനാഥും പങ്കെടുത്ത കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിൽ തുടക്കം കുറിച്ച ഉദ്യാനത്തിൽ വളരുന്നതിൽ പതിമൂന്ന് ഇനം നാടൻ പ്ലാവുകളും ഉൾപെടും. കാലാവധി പൂർത്തീകരിച്ച ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഒത്തുകൂടി ഓർമ്മ തുരുത്ത് എന്നേ പേരിൽ പ്ലാവിൽ തൈകൾ നട്ടാണ് പിരിഞ്ഞത്. സംരക്ഷണവും പരിപാലനവും തൊഴിലുറപ്പു തൊഴിലാളികൾ നിർവഹിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയഘോഷിന് തോന്നിയ ഒരാശയമായിരുന്നു സ്റ്റേഷൻ പരിസരത്തെ കാടുപിടിച്ച് മാലിന്യം തള്ളിയ സ്ഥലം മനോഹരമാക്കുക എന്നത്. റെയിൽവേ അധികൃതർ പച്ചകൊടി കാട്ടിയതോടെ എല്ലാം വേഗത്തിലായി. അങ്ങിനെ ഒരിക്കൽക്കൂടി പുതുക്കാട് മാതൃകയായി. ഒരു എക്കറും മുപ്പത്തിരണ്ട്‌ സെന്റ് സ്ഥലവുമാണ്‌ ജൈവ വൈവിദ്യ ഉദ്യാനത്തിന് വിനിയോഗിക്കുന്നത്.

................................

ജൈവ വൈവിദ്ധ്യ ഉദ്യാനം രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു

പുതുക്കാട് ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, സരിത രാജേഷ്, വി.എസ്. പ്രിൻസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ്ജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അൽജോ പുളിക്കൻ, ടെസ്സി വിൽസൻ, അംഗങ്ങൾ,​ തൊഴിലുറപ്പ് പദ്ധതി ജെ.പി.സി ബാലഗോപാൽ, ശുചിത്വമിഷൻ എ.ഡി.സി ശുഭ, എ.ഡി.എം ഡോ.സ്വപ്ന എസ്. മേനോൻ, റെയിൽവേ സ്റ്റേഷൻ സൂപ്രന്റ് ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയ്‌ഘോഷ്, റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു.