കാരൂർ: കൊവിഡ് ലോക് ഡൗൺ മൂലം പഠനം ഓൺലൈനാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വെബ് സൈറ്റ് നിർമ്മിച്ച് യുവ എൻജിനിയർ സിജിമോൻ. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ ബ്രാഞ്ചുകളിൽ ഉള്ളവർക്കായി ഗ്രാഫിക്‌സ് സോളിഡ് പ്രോജക്‌ഷൻസ് വേണ്ടിയുള്ള വീഡിയോകൾ നിർമിച്ചു വെബ്‌സൈറ്റിൽ ലോഡ് ചെയ്തിരിക്കുന്നു.
സാധാരണക്കാർക്ക് മനസിലാകുന്ന വിധം ഇംഗ്ലീഷിലും മലയാളത്തിലും വിവരണം നൽകുകയും ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈനിംഗിന്റെ സാങ്കേതിക മികവോടെ ത്രിമാന മോഡലുകൾ നിർമിച്ചുകൊണ്ടാണ് വിവരണം നൽകിയിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. ആർ. ബിന്ദു നിർവഹിച്ചു. കാരൂർ ഭാരത വായനശാലയിൽ നടന്ന ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സസ്യ നൈസൻ, വായനശാല പ്രസിഡന്റ് യു.കെ. വാസു, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും വാർഡ് മെമ്പർ യു.കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞൂരാൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, പഞ്ചായത്ത് അംഗം കെ.വി. രാജു, സെക്രട്ടറി കെ.എ. ആന്റണി എന്നിവർ പ്രസംഗിച്ചു.