കുന്നംകുളം: മൺസൂൺ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി വിതരണം ചെയ്യുന്ന സഹായധനം ഉൾനാടൻ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മലബാർ മത്സ്യതൊഴിലാളി യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വർഷങ്ങൾ ആയി വലിയ വിവേചനവും അവഗണനയുമാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പദ്ധതി വിഹിതത്തിന്റെ സിംഹഭാഗവും സർക്കാർ തീരദേശ മേഖലയിൽ ചെലവഴിക്കുന്നത് കൊണ്ട് ക്ഷേമനിധി അംഗങ്ങൾ ആയ തൊഴിലാളികൾ പോലും അവഗണിക്കപ്പെടുന്നു.
കടലിൽ 45 ദിവസങ്ങൾക്ക് ശേഷം മത്സ്യ ബന്ധനം നടത്താൻ സാധ്യമാവുമെങ്കിലും ഉൾനാടൻ മേഖലയിൽ മത്സ്യ വളർച്ചനേടുവാനും തൊഴിലെടുക്കൽ സാധ്യം ആവാനും ഒക്ടോബർ, നവംബർ മാസങ്ങൾ ആവും. ഇത്തരത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രം ആണ് തൊഴിൽ ചെയ്യാൻ അവസരം ലഭിക്കുക. പാടശേഖരങ്ങൾ പലതും കൃഷിക്കായി നവംബർ മാസത്തോടെ തയ്യാറക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ തൊഴിലെടുക്കാൻ കഴിയുകയുമില്ല. മഴക്കാലത്തു തീരദേശ മാതൃകയിൽ ഏർപ്പെടുത്തിയ ബന്ധന നിയന്ത്രണങ്ങളുടെ കാലാവധി എത്ര കാലത്തേക്ക് എന്നുള്ളത് ഫിഷറീസ് വകുപ്പ് വ്യക്തമാക്കണമെന്ന് യൂണിയൻ ഭാരവാഹികളായ അൻസാർ ആലംകോട്, ഹുസൻ കരിച്ചാൽ പറമ്പിൽ, കുഞ്ഞാവറു വെളത്തോടത്തയിൽ, ബിജു നന്നംമുക്ക്, സിദ്ദിഖ് കോക്കൂർ തുടങ്ങിയവർ ആവശ്യപ്പെട്ടു .