തൃശൂർ : വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന കുതിരാൻ തുരങ്കവും സുവോളജിക്കൽ പാർക്കും നിർമ്മാണത്തിന് പ്രത്യാശ പകർന്ന് പുതിയ മന്ത്രിമാരുടെ ഇടപെടലുകൾ. കാലവർഷം ആരംഭിച്ചതോടെ കുതിരാനിൽ കൂടുതൽ കുരുക്കും അപകടവും വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജന്റെ ഇടപെടലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തര സന്ദർശനത്തിന് വഴിയൊരുക്കിയത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിരവധി തവണ ഉറപ്പുകൾ നൽകിയിരുന്നു.
എട്ടിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോത്തിൽ ശക്തമായ തീരുമാനം ഉണ്ടായേക്കും. അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പുറമേ ഹൈക്കോടതി വരെ തുരങ്ക നിർമ്മാണത്തിൽ കരാർ കമ്പനി നടത്തുന്ന അലംഭാവത്തിനെതിരെ ശക്തമായ താക്കീത് നൽകിയിട്ടും നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതുകൊണ്ട് അടുത്ത യോഗത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം ഒരു തുരങ്കമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
പ്രഗതി വീണ്ടും കോടതിയിൽ
തുരങ്ക നിർമ്മാണം കെ.എം.സി ഉപകരാർ കൊടുത്ത മുംബയ്‌യിലെ പ്രഗതി കമ്പനി കുടിശിക തീർക്കാതെ തങ്ങളുടെ ഉപകരണം ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോടതിയിൽ പരാതി നൽകി. നിലവിൽ പ്രഗതിയുടെ നിർമ്മാണ സാമഗ്രി ഉപയോഗിച്ചാണ് അവിടെ പ്രവർത്തനം നടക്കുന്നത്. 26 കോടിയുടെ കുടിശികയാണ് നിലനിൽക്കുന്നത്.
സുരക്ഷാ ഭീഷണി ഒഴിവായിട്ടില്ല
തുരങ്കം തുറന്ന് പ്രവർത്തിക്കാൻ വേണ്ട ചർച്ചകൾ പൊടിപൊടിക്കുമ്പോഴും തുരങ്കത്തിന് ഉള്ളിലേയും പുറത്തേയും സുരക്ഷയിൽ ഇപ്പോഴും ആശങ്കയുണ്ട്. ഉള്ളിൽ വച്ച് അപകടം ഉണ്ടായാൽ ബദൽ സംവിധാനം ഒരുക്കിയിട്ടില്ല. അതുപോലെ തന്നെ തുരങ്ക മുഖത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടാനുള്ള ശ്രമം നടക്കുന്നില്ലെന്ന് ആരോപണമുണ്ട്. മന്ത്രിമാരെയും മറ്റും കരാർ കമ്പനി തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറയുന്നു. ദേശീയപാത മണ്ണുത്തി മുതൽ പല സ്ഥലങ്ങളിലുമുള്ള ഗർത്തങ്ങളും അശാസ്ത്രീയ നിർമ്മാണവും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇതിന് പുറമേ ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾക്കും പരിഹാരമായിട്ടില്ല.
പ്രതീക്ഷയോടെ സുവോളജിക്കൽ പാർക്ക്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട് ഉൾപ്പെടെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ തുടർപ്രവർത്തനം വേഗത്തിലാകുമെന്ന പ്രതീക്ഷയാണുള്ളത്. മന്ത്രിസഭയിൽ പ്രമുഖ സ്ഥാനമുള്ള മന്ത്രി കെ. രാജൻ പ്രതിനിധികരിക്കുന്ന മണ്ഡലമായ ഒല്ലൂരിൽ 12 ന് നടക്കുന്ന വനം മന്ത്രിയുടെ സന്ദർശനവും ഏറെ നിർണ്ണായകമാണ്. ഇന്നലെ ആദ്യഘട്ട ചർച്ച നടന്നു. 2022 ഓടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.