ഗുരുവായൂർ: ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടമാകുന്ന വിധം റോഡിൽ പരന്നുകിടന്നിരുന്ന ക്വാറി മണൽ ഒറ്റയ്ക്ക് വൃത്തിയാക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. എടപ്പുള്ളി പന്തായിൽ വീട്ടിൽ കണ്ണനാണ് ഗുരുവായൂർ തെക്കെ നടയിൽ പന്തായിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡ് വൃത്തിയാക്കി മാതൃക കാണിച്ചത്.
റോഡിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റോഡിലെ മണ്ണ് കണ്ണൻ നീക്കം ചെയ്തത്. ക്വാറി മണലുമായി പോകുന്ന ലോറി റോഡിൽ ഉയർന്ന് നിൽക്കുന്ന മാൻഹോളിൽ കയറിയതിനെ തുടർന്നാണ് റോഡിൽ മണൽ വീണ് പരന്നത്. നഗരസഭ 12-ാം വാർഡിലെ ആർ.ആർ.ടി വളണ്ടിയറായ കണ്ണൻ ഇതുവഴി സ്‌കൂട്ടറിൽ വരുമ്പോൾ മുന്നിൽ സ്‌കൂട്ടറിൽ പോയിരുന്ന യുവതി തെന്നിവീഴുന്നത് കണ്ടു.
ഇതേത്തുടർന്ന് സമീപത്തെ കെട്ടിടത്തിന്റെ പിറകിൽ നിന്നും അട്ടപ്പെട്ടിയുടെ കഷ്ണം എടുത്ത് മണ്ണ് കോരി കളയുകയായിരുന്നു. കണ്ണൻ മണ്ണ് കോരി കളയുന്നത് കണ്ട സമീപത്തെ മെഡിക്കൽ ഷോപ്പിലെ ദിലീഫാണ് വീഡിയോ പകർത്തിയത്. അട്ടപ്പെട്ടി കൊണ്ട് മണ്ണ് കോരി കളഞ്ഞ ശേഷം മെഡിക്കൽ ഷോപ്പിൽ നിന്നും നിലം വൃത്തിയാക്കുന്ന ബ്രഷ് വാങ്ങിയും റോഡ് വൃത്തിയാക്കിയ ശേഷമാണ് കണ്ണൻ പോയത്.
ദിലീഫ് ഈ വീഡിയോ സുഹൃത്തുക്കൾക്ക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് കണ്ണന്റെ സദ്പ്രവൃത്തി വൈറലായത്. ഗുരുവായൂർ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരനാണ് കണ്ണൻ.