വടക്കാഞ്ചേരി: അകമല ശ്രീധർമ്മശാസ്താ ക്ഷേത്രം അടച്ചിട്ടതോടെ പട്ടിണിയിലായ വാനരക്കൂട്ടത്തിന് കൊവിഡ് അടച്ചിടൽ തീരും വരെ ദിവസവും പഴവർഗങ്ങൾ നാസ്വി എന്ന സംഘടന നൽകും.
സംഭവം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് നാഷണൽ അസോസിയേഷൻ ഒഫ് സ്ട്രീറ്റ് വെൽഡേഴ്സ് ഇന്ത്യ (നാസ്വി) എന്ന സംഘടനയും, പ്രകൃതി സ്നേഹിയായ കെ.പി കേശവൻ നമ്പീശനും മുന്നോട്ടു വന്നത്.
കേശവൻ നമ്പീശൻ കുരങ്ങന്മാർക്ക് വെള്ള അവിൽ നൽകുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മനോജ് കടമ്പാട്ടിന്റെ നേതൃത്വത്തിലാണ് നാസ്വി ഭക്ഷണമെത്തിക്കുന്നത്. ഇന്നലെ നാസ്വി സംഘടനാ പ്രവർത്തകർ അകമലയിലെത്തി കുരങ്ങന്മാർക്ക് ഭക്ഷണം നൽകി. മതിവരുവോളം ഭക്ഷണം കഴിച്ച കുരങ്ങന്മാർ പല്ലിളിച്ചു കാട്ടിയും പ്രത്യേക ശബ്ദം പുറപ്പെടുപ്പിച്ചും ആഹ്ളാദം പ്രകടിപ്പിച്ചു. മുലയൂട്ടുന്ന പ്രായം മുതൽ ചെറുതും വലുതുമായി നൂറുക്കണക്കിന് കുരങ്ങന്മാരാണ് ക്ഷേത്രത്തിൽ തമ്പടിച്ചിട്ടുള്ളത്.
മന്ത്രിയെ വിളിച്ചു : 24 മണിക്കൂറിനകം
റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി
ഇരിങ്ങാലക്കുട : കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചതാണ് ഒരു ടാർ മിക്സിംഗ് യൂണിറ്റ്. അപകടമുണ്ടാക്കുമെന്ന മന്ത്രിക്ക് പരാതിയെത്തിയതോടെ, ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ച് മിക്സിംഗ് യൂണിറ്റ് 24 മണിക്കൂറിനുള്ളിൽ സ്ഥലത്തുനിന്ന് മാറ്റി .
" മിക്സിംഗ് യൂണിറ്റ് കിടക്കുന്നതിനാൽ താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവിൽ അപകട സാദ്ധ്യതയുണ്ട്, മാറ്റാൻ ഇടപെടണമെന്ന് തൃശൂർ നെടുമ്പുരയിലെ സുമിത്രൻ പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിനോട് പരാതിപ്പെടുകയായിരുന്നു. 'റോഡറിയാൻ ജനങ്ങളിലേക്ക് ' എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രിയോട് സംസാരിച്ചത്. മന്ത്രി പരിപാടിക്കിടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാൻ നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെയെത്തി ടാർ മിക്സിംഗ് യൂണിറ്റ് സ്ഥലത്തു നിന്നും മാറ്റി. മഴക്കാലത്ത് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയിൽ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്ചകളിലും പരിപാടിയിൽ നിരവധി കോളുകളെത്തി. ഉടൻ പരിഹാരം കാണാൻ കഴിയുന്നവയ്ക്ക് വേഗത്തിൽ തന്നെ പരിഹാരം കാണുന്നുണ്ട്. പരാതികളുടെ പുരോഗതി ആഴ്ചയിലൊരിക്കൽ അവലോകനം ചെയ്യുകയും ചെയ്യും.