വരന്തരപ്പിള്ളി: മലയോര മേഖലയിലെ മൊബൈൽ റേഞ്ച് പ്രശ്‌നത്തിന് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ പരിഹാരം. ഇന്റർനെറ്റിന്റെ അപര്യാപ്തത മൂലം ഓൺലൈൻ പഠനം മലയോര മേകലയിൽ താറുമാറായിരുന്നു.

പാലപ്പിള്ളി കുണ്ടായി മേഖലയിൽ മൊബൈൽ റേഞ്ച് കിട്ടാൻ കുന്നുകയറിയിരുന്ന കുട്ടികളുടെ പ്രശ്‌നത്തിന് ജില്ലാ പഞ്ചായത്ത് പരിഹാരം കാണുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് അറിയിച്ചു. ആമ്പല്ലൂർ ഡിവിഷനു കീഴിൽ വരുന്ന പ്രദേശത്ത് മൂന്നര കിലോമീറ്റർ വരുന്ന ഭാഗത്ത് ഒപ്ടിക്കൽ കേബിൾ വഴി ഇന്റർനെറ്റ് ലഭ്യമാക്കുകയോ പാഡികൾക്ക് സമീപം വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കുകയോ ചെയ്യും. ഇതിന്റെ ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്‌തെന്നും വി.എസ്. പ്രിൻസ് അറിയിച്ചു.

ഒരുലക്ഷം രൂപയിലേറെ ചെലവാണ് സൗകര്യം ഒരുക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ഇന്റർനെറ്റ് ദാതാക്കൾ വഴി നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്റെ സാദ്ധ്യതയും പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.

ചിമ്മിനി എച്ചിപ്പാറ ട്രൈബൽ സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് എ.ഐ.എസ്എഫ് സംഘടനയുടെ നേതൃത്വത്തിൽ മോഡവും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുമെന്നും ലോക്ഡൗൺ സമയത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് വരുന്ന ചെലവ് സംഘടന വഹിക്കുമെന്നും വി.എസ്. പ്രിൻസ് അറിയിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കൂടിയാണ് അദ്ദേഹം.