anila

മാള: തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥി, അനില മെമ്പർക്കെതിരെ നിന്നത് അരിവാളുമായാണ്. പക്ഷേ തിരഞ്ഞെടുപ്പിൽ വിജയിച്ച് പൊയ്യ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറായതോടെ ആ അരിവാളെടുക്കാൻ അനില മെമ്പർക്ക് മടിയൊന്നുമില്ല.

മിക്ക മെമ്പർമാരും ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോയെടുക്കും,​ പിന്നെ പോകും. പക്ഷേ അനില മെമ്പർ തൊഴിലുറപ്പുകാർക്ക് ഒപ്പം നിൽക്കും. പണിയെടുക്കും. കാരണം മെമ്പർ ആകുന്നതിന് മുമ്പ് എട്ട് വർഷത്തോളം തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.

അരിവാളെടുത്ത് നാട്ടുകാർക്കൊപ്പം ശുചീകരണത്തിനിറങ്ങുന്നത് അനിലയുടെ ശീലവുമാണ്. പണിത്തിരക്കിനിടയിൽ പഞ്ചായത്തിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നെല്ലാം നിരവധി ഫോൺ വിളികൾ അനിലയ്ക്കെത്തും. തിരക്കിനിടയിലും അതെല്ലാം ക‌ൃത്യമായി കൈകാര്യം ചെയ്യാനും അനില സമയം കണ്ടെത്തും.

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് വാർഡിൽ പ്രവൃത്തികൾ നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും,​ ഹരിത കർമ്മസേന അംഗങ്ങളും,​ നാട്ടുകാരും ചേർന്നാണ് മെമ്പർക്കൊപ്പം കർമ്മനിരതരായുള്ളത്. ഉദ്ഘാടനം ചെയ്തു പോകുന്നത് പോലെയല്ല,​ അവർക്കൊപ്പം നിന്ന് പണിയെടുക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് തനിക്ക് സന്തോഷം തരുന്നതെന്നാണ് അനില പറയുന്നത്.

ഇത് തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ മഹത്വം വർദ്ധിപ്പിക്കാൻ കഴിയുമെന്നുമാണ് അനിലയുടെ വാദം. 33 കാരിയായ അനില മൂന്ന് കുട്ടികളുടെ അമ്മയാണ്. സഞ്ചരിക്കാൻ വാഹനം ഇല്ലെങ്കിലും വാർഡിലെ എല്ലാ മുക്കിലും മൂലയിലും ഓടിയെത്താനും അനിലയ്ക്കാകുന്നുണ്ട്. ഭർത്താവ് സുനിൽ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറാണ്.

എല്ലാവർക്കൊപ്പം ഇങ്ങനെ പണിയെടുക്കുന്നത് നന്നായി ആസ്വദിക്കുകയാണ്. എട്ട് വർഷമായി ഇവർക്കൊപ്പം തൊഴിലുറപ്പ് പണി ചെയ്യുന്നുണ്ട്. മെമ്പറായ ശേഷം ഒഴിവുപോലെ പണിക്കിറങ്ങും. വർഷത്തിൽ ശരാശരി 75 ദിവസം ഇവർക്കൊപ്പമാണ്.

അനില സുനിൽ