thod

തൃശൂർ: 25 വർഷത്തിലേറെയായി മണ്ണും ചണ്ടിയും കുളവാഴയും നിറഞ്ഞ് കിടന്ന കോലഴിയിലെ തോണിക്കടവും തോണിച്ചാലും ഇനി തടസമില്ലാതെ ഒഴുകും. ചാലുകൾ വൃത്തിയാക്കിയാൽ വർഷക്കാലത്ത് വെള്ളക്കെട്ട് കുറയ്ക്കാൻ കഴിയുമെന്ന തിരിച്ചറിവ് കോലഴി പഞ്ചായത്തിനെയെത്തിച്ചത് മാതൃകാപരമായ ഒരു നേട്ടത്തിലേക്കാണ്.

ഒടുവിൽ കോലഴി പഞ്ചായത്തിലെ 15ാം വാർഡിൽ വർഷങ്ങളായി കിടന്നിരുന്ന തോണിച്ചാലിനും ഒന്നാംചാലിനും കുന്നകുളംചാലിനും സ്വാഭാവിക ഒഴുക്ക് തിരികെ നൽകുന്നതിൽ പഞ്ചായത്ത് വിജയം കണ്ടു. മേജർ ഇറിഗേഷനും മൈനർ ഇറിഗേഷനും ആസൂത്രണം ചെയ്ത പദ്ധതികൾ കുറഞ്ഞ ചെലവിൽ വേഗത്തിൽ യഥാർത്ഥ്യമാക്കാനായി.

വെയിലും മഴയും ചേറും ചളിയും അട്ടയുമൊന്നും ഗൗനിക്കാതെ ദിവസങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സംഘങ്ങൾ ഈ നേട്ടത്തിന് പിന്നിലുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനം ജീവൻ വെച്ചത്. കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, പതിനാലാം വാർഡ് മെമ്പർ പ്രകാശ് ചിറ്റിലപ്പിള്ളി, പതിനഞ്ചാം വാർഡ് മെമ്പർ പ്രജീഷ സജീവൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യഥാർത്ഥ്യമാക്കിയത്.

വീണ്ടെടുത്തത് 750 മീറ്റർ ദൂരത്തെ തോട്

കോലഴിയിൽ നിന്ന് ആരംഭിച്ച് കുന്നംകുളം ചാലിൽ ചെന്നുചേർന്ന് പുഴയ്ക്കൽ തോട്ടിലെത്തുന്ന തോടാണ് തോണിച്ചാൽ. തോണിക്കടവ് മുതൽ 750 മീറ്റർ ദൂരത്തെ തോടാണ് വീണ്ടെടുത്തത്. പുല്ല് മൂടി കിടന്നിരുന്ന സ്ഥലത്തെ വെള്ളം ഒഴുകുന്നതിന് വലിയ അളവിൽ പുല്ല് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു.

ഗുരുവായൂർ റെയിൽവേ ഗേറ്റ് വന്നതോടെ വെള്ളമൊഴുകാതെ അടഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ നിന്നുള്ള വെള്ളമാണ് കുന്നംകുളം ചാലിലേക്കും അവിടെ നിന്നും പുഴയ്ക്കൽ തോട്ടിലേക്കും പിന്നീട് ഏനാമാവ് ബണ്ടിലേക്കും എത്തിച്ചേരേണ്ടത്. നീരൊഴുക്കില്ലാതിരുന്നതിനാൽ കുറ്റൂർ പടിഞ്ഞാറ്റുമുറി നിവാസികൾക്ക് വർഷക്കാലത്ത് വലിയ വെള്ളക്കെട്ടാണ് നേരിടേണ്ടി വന്നിരുന്നത്. കഴിഞ്ഞ പ്രളയങ്ങളിൽ ഈ പ്രദേശക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇനിയൊരു പ്രളയം ഉണ്ടായാൽ ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ.