1

വടക്കാഞ്ചേരി: കൊവിഡ് വ്യാപിച്ചതോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്നും വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിലെ താത്കാലിക അഗതി മന്ദിരത്തിലേക്ക് മാറ്റിയവർക്ക് തിരികെ പോകാനിടമില്ല. ഏകദേശം 127 അന്തേവാസികളാണ് ഉറ്റവരും ഉടയവരും ഉപേക്ഷിച്ചതായി ക്യാമ്പിൽ കഴിയുന്നത്.

ഗുരുവായൂർ ക്ഷേത്ര നടയിലും റെയിൽവേ സ്റ്റേഷനുകളിലും ജീവിതം കഴിച്ചുകൂട്ടിയിരുന്നവരാണ് ഇവരിലേറെയും. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കൊവിഡിന്റെ അതിവ്യാപന കാലത്ത് ഇവരെ അഗതി ക്യാമ്പിലെത്തിച്ചത്. ക്യാമ്പിൽ കഴിയുന്നവർക്ക് തിരികെ വീട്ടിലേക്ക് മടങ്ങാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചെങ്കിലും പലർക്കും പോകാനിടമില്ലെന്നതാണ് വസ്തുത.

ക്യാമ്പിൽ ഉണ്ടായിരുന്ന പലരും വീടുകളിലേക്ക് മടങ്ങിയെങ്കിലും 88 പേർ വീടും വീട്ടുകാരും ഇല്ലാത്തവരാണ്. തങ്ങൾ ക്യാമ്പിൽ തന്നെ കഴിഞ്ഞോളാമെന്നാണ് ഇവരുടെ പക്ഷം.