kg-shivanadhan
കെ ജി ശിവാനന്ദൻ

കൊടുങ്ങലൂർ: കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ സ്ഥാനമൊഴിഞ്ഞു. എൽ. ഡി.എഫ് ധാരണ പ്രകാരമാണ് രാജി. മൂന്ന് തവണകളിലായി 9 വർഷം ചെയർമാനായി പ്രവർത്തിച്ച കെ.ജി. ശിവാനന്ദൻ ഇനി ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. ബാങ്കിന്റെ ആധുനികവത്കരണത്തിന് ശിവാനന്ദൻ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കോർ ബാങ്കിംഗ് സൊലൂഷൻ നടപ്പിലാക്കുന്നതിനുള്ള ആർ.ബി.ഐ നിർദ്ദേശം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി. ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളായ സി.ബി.എസ്, ആർ.ടി.ജി.എസ്, എൻ.ഇ.ഇ.ടി, ഐ.എം.പി.എസ്, എ.പി.ബി.എസ്, എ.ടി.എം തുടങ്ങിയവയ്‌ക്കൊപ്പം ആർ.ബി.ഐ ലൈസൻസോടെ ബാങ്ക് സ്വന്തമായി രൂപകല്പന ചെയ്ത മൊബൈൽ ബാങ്കിംഗ് നടപ്പിലാക്കുന്നതിനും നേതൃത്വം നൽകി. കൂടാതെ മൊബൈൽ ബാങ്കിംഗ് മേഖലയിൽ ബാങ്ക് രൂപകൽപന ചെയ്ത മൊബൈൽ ആപ്പ് ഈ സേവനരംഗത്തെ ഏറ്റവും സുരക്ഷിതവും യൂസർ ഫ്രെന്റിലിയുമാണ്. ഇൻഷ്വറൻസ് ട്രേഡിംഗ് മേഖലയിലേക്ക് കൂടി കടന്ന ബാങ്ക് തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ടി.വി വിതരണം, എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ കൂടാതെ ഒട്ടനവധി വിദ്യാലയങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികളും നൽകി. ഈ കാലഘട്ടത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആർ.ബി.ഐയുടെയും സഹകരണ വകുപ്പിന്റേയും വിവിധ സെമിനാറുകളിൽ വിഷയമവതരിപ്പിക്കുകയും മേഖലയിലെ പഠനാർഹമായ ലേഖനങ്ങളും പുസ്തകങ്ങളും ശിവാനന്ദന്റേതായി ഇറങ്ങിയിട്ടുണ്ട്.