കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ മാസ്‌കും, കൈയുറകളുമുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ ജീവനക്കാർ ആരോഗ്യ ഭീഷണിയിൽ. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പരാതി.

കാഷ്വാലിറ്റിയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്ക് ദിവസത്തിൽ ഒരു ഗ്ലൗസ് വീതമാണ് ലഭിക്കുന്നത്. ഡ്യൂട്ടി സമയം കഴിയും വരെ ഗ്ലൗസ് കേടുകൂടാതെ ഉപയോഗിക്കേണ്ടത് ജീവനക്കാരുടെ ബാദ്ധ്യതയാണ്. ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുന്ന മാസ്‌കുകൾ ഗുണനിലവാരമില്ലാത്തതാണെന്നും ആരോപണമുണ്ട്.


ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മാസ്‌കും, ഗ്ലൗസും ഇല്ലാത്ത വിവരം താൻ അറിഞ്ഞിട്ടില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വാദം.