കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. തീരദേശ വാർഡുകളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തീരദേശ വാർഡുകളിൽ ഇന്നു മുതൽ കയ്പമംഗലം പൊലീസിന്റെ സഹകരണത്തോടെ ഡ്രോൺ നിരീക്ഷണം ആരംഭിക്കാനും കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശത്തെ ഇടറോഡുകൾ അടക്കാനും ആർ.ആർ.ടി, സന്നദ്ധസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ചെറിയ സംഘങ്ങൾ രൂപീകരിച്ച് വാർഡുകളിൽ ബോധവത്കരണ സന്ദേശങ്ങൾ നൽകാനും തീരുമാനിച്ചു.
ഇന്നലെ മാത്രം നടന്ന പരിശോധനയിൽ 58 കേസുകളാണ് ഗ്രാമ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,2,3,13,14,15 എന്നീ വാർഡുകൾ ഉൾപ്പെടുന്ന തീരദേശത്ത് 150ൽ അധികം ആളുകളാണ് രോഗബാധിതരായിട്ടുള്ളത്. ഇവരുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ ടെസ്റ്റ് റിസൾട്ട് കൂടി വരുമ്പോൾ കേസുകൾ ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുകയും ലോക്ക് ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയോടെയാണ് കാണുന്നത്. സെക്ടറൽ മാജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കാനും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സായിദ മുത്തു കോയ തങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി സുജാത, കയ്പമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ സുജിത്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സുപ്രണ്ട് ഡോ.സാനു, നോഡൽ ഓഫീസർ സാബു, സെക്ടറൽ മജിസ്‌ട്രേറ്റ് അസർ ഇക്ബാൽ എന്നിവർ പങ്കെടുത്തു.