ചാലക്കുടി: സമാനതകളില്ലാത്ത പ്രളയ ദുരിതം, നാടാകെ പകച്ചുനിന്ന കൊവിഡ് മഹാമാരി... ഇതെല്ലാം അതിജീവിക്കാൻ നാട്ടുകാരോടൊപ്പം നിന്ന കാക്കിധാരിയുടെ സ്ഥലം മാറ്റം ചാലക്കുടിയുടെ മനസിനെ ഒരുപാട് അസ്വസ്ഥമാക്കുന്നു. അഗ്‌നിശമന നിലയത്തിന്റെ മേധാവി സി.ഒ. ജോയിയുടെ തട്ടകത്തിലേക്കുള്ള തിരിച്ചു പോക്കാണ് ചാലക്കുടിക്ക് നീറ്റലാകുന്നത്.
32 വർഷത്തെ ചരിത്രത്തിൽ ഒരു ഫയർഫോഴ്‌സ് ഓഫീസറും ഈ നാടിന്റെ മനസിൽ ഇത്രയേറെ ആഴത്തിൽ ചേക്കേറിയിരുന്നില്ല. നാലു വർഷം മുമ്പ് സൗത്ത് ജംഗ്ഷനിലെ നിലയത്തിൽ ചുമലതയേറ്റ മാള കാവനാട് ചേര്യേക്കര ജോയിയെ കാത്തിരുന്നത് സാധാരണ ദൗത്യങ്ങളല്ല. മഹാപ്രളയം വിഴുങ്ങിയ ചാലക്കുടിപ്പുഴയുടെ സിംഹ ഭാഗവും അധികാര പരിധിയിലായപ്പോൾ മുൻ വിധികളൊന്നും ഇല്ലായിരുന്നു രക്ഷാ പ്രവർത്തനങ്ങൾക്ക്.
കൈയിൽ കിട്ടിയ ഉപകരണങ്ങളുമായി വെള്ളത്തിലിറങ്ങിയ ജോയിക്കും സഹപ്രവർത്തകർക്കും പ്രധാന ആയുധം അന്ന് ആത്മധൈര്യം മാത്രമായിരുന്നു. കഠിന പ്രയത്നം കൊണ്ട് പലർക്കും ആയുസ്
നീട്ടിക്കിട്ടി. രാവും പകലും ഒന്നാക്കി സി.ഒ. ജോയിയും സംഘവും നഗരത്തിന്റെ തലയ്ക്ക് മീതെ തുഴഞ്ഞുനിന്നു. എക്കൽ മണ്ണു കുഴഞ്ഞുകൂടിയ നാടും നഗരവും പൂർവ്വ സ്ഥിതിയിലാക്കലായി തുടർന്നുള്ള ദിവസങ്ങളിലെ സേവനം. കൊവിഡ് മഹാമാരി നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ വിളികൾക്കായി ഇദ്ദേഹം നേതൃത്വം നൽകിയ സേന കാതോർത്തു നിന്നു.
അണുനശീകരണം, പൊതുനിരത്തിലെ ശുചീകരണം, ആദിവാസി മേഖലകളിലെ ബോധ വത്കരണം അങ്ങനെ നീളുന്നു വൈറസിനെതിരെയുള്ള പോരാട്ടം. വ്യാപാരികൾ അടക്കമുള്ള സംഘടനകളുമായി കൈകോർത്ത് കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അമ്പതു യുവാക്കളെ അണിനിരത്തി സിവിൽ ഡിഫൻസും ഒരുക്കി. ബി.ഡി. ദേവസി എം.എൽ.എയുടെ കൈത്താങ്ങും ഇദ്ദേഹം തന്റെ ഓഫീസിന് മുതൽക്കൂട്ടാക്കി. ജില്ലയിൽ ആദ്യമായി 80 ലക്ഷം രൂപ വിലവരുന്ന ഫോം ടെൻഡർ യൂണിറ്റ് ഇവിടേക്ക് വന്നത് ഇതിനു ഉദാഹരണം.
ഒടുവിൽ ആറാട്ടുകടവിൽ പുഴയോരത്ത് ഒഴുക്കിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനം ഒരുക്കിയതും ജില്ലയിൽ ആദ്യത്തേതായി. ചാലക്കുടി നിലയത്തിന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്‌നത്തിന് സർക്കാർ തലത്തിൽ എല്ലാ അംഗീകാരവും നേടിയാണ് ഈ ഫയർ ഓഫീസറുടെ പടിയിറക്കം. സ്വദേശമായ മാള നിലയത്തിന്റെ അമരക്കാരനായി തുടരുന്ന ഇനിയുള്ള സേവനത്തിൽ വെള്ളച്ചാട്ടത്തിന്റെ നാട് നൽകിയ അമ്പരിപ്പിക്കുന്ന അനുഭവങ്ങളും സ്‌നേഹ വായ്പുകളും സി.ഒ. ജോയിക്ക് കൂടുതൽ കരുത്തേകും.