തൃശൂർ: കോർപറേഷനിൽ പരസ്യക്കരാറിലൂടെ കോടികളുടെ വെട്ടിപ്പെന്ന് ആരോപണം. കോർപറേഷൻ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് കോർപറേഷൻ സ്വകാര്യ കമ്പനിക്കു പരസ്യക്കരാർ നൽകിയതെന്ന് കോൺഗ്രസ് കൗൺസിലർ ലാലി ജയിംസ് ആരോപിച്ചു.
നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമെല്ലാം പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള അവകാശമാണ് കോർപറേഷൻ കൗൺസിലിലെ ചിലർ ഒത്തുകളിച്ചു വിറ്റിരിക്കുന്നത്. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശയും ടെണ്ടർ വിളിക്കലും അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള അവകാശം വിറ്റത്.
കൊവിഡ് പശ്ചാത്തലത്തിലും കോർപറേഷൻ കൗൺസിൽ യോഗം പലപ്പോഴായി ചേർന്നിട്ടുണ്ട്. ഈ യോഗങ്ങളിൽ വിഷയം പരിഗണിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് എൽ.ഡി.എഫ് ഭരണസമിതി ചെയ്തിരിക്കുന്നത്. മേയർ എം.കെ. വർഗീസ് അടിയന്തരമായി ഇടപെട്ട് അനധികൃത കരാർ റദ്ദാക്കണമെന്നും ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനു പരാതി നൽകണമെന്നും ലാലി ജയിംസ് ആവശ്യപ്പെട്ടു.