thod
തോട്ടിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ നിലയിൽ

കൊടുങ്ങലൂർ: എറിയാട് പഞ്ചായത്തിൽ 21-ാം വാർഡിൽ ഒന്നര കിലോമീറ്ററോളം നീളമുള്ള സർക്കാർ വക പുറമ്പോക്ക് തോട്ടിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തുടർന്ന് അധികൃതർ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതേ രീതിയിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുറമ്പോക്ക് തോടുകൾ നികത്തി സ്വകാര്യ വ്യക്തികൾ കൈവശം വച്ച് ഉപയോഗിക്കുന്നത് നിത്യസംഭവമാണെന്നും നേതാക്കൾ പറഞ്ഞു.

ഇതുമൂലം ചെറിയ മഴ വന്നാൽ പോലും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ്. വെള്ളം ഒഴുകിപോകുന്ന മുഴുവൻ തോടുകളുടെയും സംരക്ഷണം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പി.കെ ഷംസുദീൻ, പി.എ കരുണാകരൻ, വി.എം മജീദ്, പി.എം നജീബ് എന്നിവർ നേതൃത്വം നൽകി.