thavic
ചേർപ്പ് മേഖലയിലെ തയ്യൽ തൊഴിലാളികൾ

ചേർപ്പ്: ലോക്ഡൗൺ പ്രതിസന്ധിയുടെ കുരുക്കിൽ തയ്യൽ തൊഴിലാളികൾ. കൊവിഡ് പിന്നോട്ട് വലിച്ച മേഖലയ്ക്ക് ഇപ്പോഴും നഷ്ടക്കണക്കിന്റെ ഭാരം ഒഴിയുന്നില്ല. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മാത്രം രണ്ടായിരത്തോളം തയ്യൽ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവയിൽ കൂടുതലും സ്ത്രീകളാണ്.

തൊഴിൽ ആശ്വാസമായി ഒരു തവണ ക്ഷേമനിധി പെൻഷൻ 1,​000 രൂപ കിട്ടിയതല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടിലെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ചേർപ്പ് ഏരിയ സെക്രട്ടറി പി.എ. ജോസഫ് പറയുന്നു.

ജോലിയില്ലാത്തതിനാൽ മാസവായ്പകളും,​ ചിട്ടികളുമെല്ലാം മുടങ്ങിയ സ്ഥിതിയാണ്. ലോക്ഡൗൺ ഇളവുകളിൽ വസ്ത്രശാലകൾക്ക് പ്രവർത്തന അനുമതി നൽകിയെങ്കിലും തയ്യൽ തൊഴിലാളികൾക്ക് നാളിതു വരെയായിട്ടും അനുമതി നൽകാത്തത് കുടുംബബഡ്ജറ്റ് താളംതെറ്റിക്കുന്നുണ്ട്. മേഖലയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പലരും മറ്റ് തൊഴിൽ രംഗങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി.

തയ്യൽ ജോലിക്കാവശ്യമായ സാധന സാമഗ്രികൾ ലഭിക്കുന്ന കടകൾ അടഞ്ഞുകിടക്കുന്നതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സ്‌കൂളുകൾ തുറക്കാത്തതിനാൽ യൂണിഫോമുകളുടെ ഓർഡറുകളും ലഭിക്കാതെയായി. വിവാഹങ്ങൾ,​ ഉത്സവങ്ങൾ,​ വിവിധ ആഘോഷങ്ങൾ തുടങ്ങിയവ കുറഞ്ഞതും തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നു. ഓൺലൈൻ വിപണി സജീവമായി തുടരുന്നതിനാൽ റെഡിമെയ്ഡ് വസ്ത്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി.

തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയിൽ നിന്നും ഇവർക്ക് ആനുകൂല്യങ്ങൾ ലഭ്യമായിട്ടില്ല. തൊഴിൽ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തയ്യൽ തൊഴിലാളി സംഘടന മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.