1
വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കൂളിലെ അഗതി ക്യാമ്പിൽ ജില്ലാ ഫയർ ഓഫീസർ അരുൺ കുമാർ സന്ദർശിക്കുന്നു

വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലെ അഗതി ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ള അന്തേവാസികളെയും അവരെ സംരക്ഷിക്കുന്ന സിവിൽ ഡിഫൻസ് പ്രവർത്തകരെയും ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറും സംഘവും സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ പ്രശ്നങ്ങൾ ഫയർ ഓഫീസർ ചോദിച്ചറിഞ്ഞു. ഇവർക്ക് രാവും പകലുമായി സേവനം ചെയ്യുന്ന സിവിൽ ഡിഫൻസ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് 125 പേരടങ്ങുന്ന അന്തേവാസികളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വടക്കാഞ്ചേരിയിലെ ക്യാമ്പിലെത്തിച്ചത്. നിലവിൽ 88 പേരാണ് ക്യാമ്പിലുള്ളത്. ബാക്കിയുള്ളവരെ വീടുകളിലെത്തിച്ചു. നിലവിലുള്ളവർക്ക് വീടോ വീട്ടുകാരോ ഇല്ല. ഇവരെ പാർപ്പിക്കാൻ മറ്റ് സൗകര്യമൊരുക്കും വരെ ക്യാമ്പിൽ കഴിയേണ്ടിവരും. സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ നിരീക്ഷണത്തിലാണ് ഇവർ താമസിക്കുകയെന്ന് ഫയർ ഓഫീസർ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയാണ് ഇവരെ സംരക്ഷിക്കുന്നത്. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാഷൻ, ക്യാമ്പ് ഇൻചാർജ് അരുൺ കെ.വി എന്നിവരും ക്യാമ്പ് സന്ദർശിച്ചിരുന്നു.