തൃശൂർ: ഡൽഹിയിൽ ബിസിനസ് ആവശ്യത്തിന് മറ്റൊരാൾ ഏൽപ്പിച്ചതാണ് പണമെന്നും പിടിച്ചെടുത്ത ഒരു കോടി രൂപ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജൻ കോടതിയിൽ. പണം സംബന്ധിച്ച രേഖകളുണ്ടെന്നും ഇതുവരെ കണ്ടെടുത്ത 1.40 കോടി രൂപയും കാറും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട കോടതിയിൽ ഹർജി സമർപ്പിച്ചത്. മജിസ്ട്രേട്ടിന്റെ വീട്ടിലെത്തി സമർപ്പിച്ച ഹർജിയുടെ കോപ്പി പൊലീസിന് കോടതി കൈമാറി.
മുഴുവൻ പണവും കണ്ടെത്താനാകാത്ത പൊലീസിന് ധർമ്മരാജന്റെ ഹർജി പ്രതിസന്ധിയാകും. ധർമ്മരാജൻ കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിലെ വിവരം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും പൊലീസിന് കണ്ടെത്തേണ്ടി വരും. കവർച്ചമുതൽ കണ്ടെത്താനുള്ള അന്വേഷണത്തിൽ വട്ടം കറങ്ങുകയാണ് പൊലീസ്. നേതാക്കളെ ചോദ്യം ചെയ്യുന്നതിനിടെ തെളിവെടുപ്പ് നടത്താനും പണം കണ്ടെത്താനും കഴിഞ്ഞില്ല. 3.5 കോടി രൂപയാണ് കാറിലുണ്ടായിരുന്നതെന്ന് ധർമ്മരാജൻ കോടതിയിൽ ബോധിപ്പിച്ചതിനാൽ ബാക്കിത്തുക കണ്ടെത്താതെ പൊലീസിന് അന്വേഷണം തുടരാനാവില്ല.
കാർപ്പെറ്റിനടിയിൽ ഒളിപ്പിച്ചു
ഏപ്രിൽ ഒന്നിന് ഷംജീറിന്റെ കാർ വാങ്ങി തന്റെ വീട്ടിൽ ഇടുകയായിരുന്നുവെന്നും പണം അതിൽ ഒളിപ്പിച്ചുവെന്നും ധർമ്മരാജൻ ഹർജിയിൽ പറയുന്നു. 3.25 കോടി രൂപ കാർപ്പെറ്റിന് അടിയിലും പിൻസീറ്റിനുള്ളിലുമായി ഒളിപ്പിച്ചു. ബാക്കി 25 ലക്ഷം കറുത്ത ബാഗിൽ കാറിന്റെ പിൻസീറ്റിൽ വച്ചു. ഷംജീർ കാർ എടുക്കുമ്പോൾ 3.5 കോടി രൂപ ഉണ്ടെന്നു പറഞ്ഞിരുന്നില്ല. കറുത്ത ബാഗിൽ 25 ലക്ഷം രൂപയുണ്ടെന്നു മാത്രം പറഞ്ഞു. രണ്ടിനു രാത്രി ഷംജീർ കാറുമായി പുറപ്പെട്ടു. തന്നെ ആക്രമിച്ച് കാറും പണവും ആരോ തട്ടിക്കൊണ്ടുപോയെന്ന് മൂന്നിന് പുലർച്ചെ 4.50ന് ഷംജീർ വിളിച്ചു പറഞ്ഞു. ഷംജീറിന് ഒപ്പം കാറിൽ സഹായിയായി റഷീദ് ഉണ്ടായിരുന്നു. റഷീദിനെ പരിചയമില്ല. തിരഞ്ഞെടുപ്പു പ്രചാരണച്ചട്ടം നിലനിന്നിരുന്നതിനാൽ അപ്പോൾ പരാതി നൽകിയില്ല. ഏഴിന് ഷംജീർ പരാതി നൽകിയപ്പോൾ 25 ലക്ഷം രൂപയെന്നാണ് പറഞ്ഞത്. യഥാർത്ഥത്തിൽ 3.5 കോടി രൂപ ഉണ്ടായിരുന്നു. ഇത് ഡൽഹിയിൽ ബിസിനസിനുള്ള പണമാണ്. അതിന്റെ രേഖകൾ സമർപ്പിക്കുന്നുണ്ട്. ഇപ്പോൾ പിടിച്ചെടുത്ത ഒരു കോടിയിലേറെ രൂപയും കാറും തിരിച്ചു നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രതികളെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്തു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബാക്കി പണം കണ്ടെടുക്കുന്നതിനായി പ്രതികളായ രഞ്ജിത്, മാർട്ടിൻ, മുഹമ്മദ് അലി തുടങ്ങി എട്ടു പേരെ വിയ്യൂർ ജില്ലാ ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്തു.
സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും കവർച്ചപ്പണം മുഴുവനായി കണ്ടെത്തുന്നത് ഇപ്പോഴും അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്. പണവും മറ്റ് വസ്തുക്കളുമായി ഇതേവരെ 1.40 കോടിയാണ് കണ്ടെടുത്തത്.
കവർച്ച നടന്ന് 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതി അറസ്റ്റിലായത്. പിന്നീട് 20 പേരെ കൂടി അറസ്റ്റ് ചെയ്തു. കേസിൽ 20 പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിലും കൊവിഡ് ബാധിച്ച മൂന്ന് പേരെ ചോദ്യം ചെയ്തിട്ടില്ല. റഷീദ്, ബഷീർ, സലാം എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് നീക്കം.
സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന്പ്രസീത
കണ്ണൂർ: ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഘടകകക്ഷി നേതാവ് സി. കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം ബലപ്പെടുത്താൻ പുതിയ വെളിപ്പെടുത്തലുമായി ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട്. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ അടക്കം പുറത്തുവിട്ടു.
തിരുവനന്തപുരത്ത് ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിൽ സുരേന്ദ്രനും സെക്രട്ടറി പി.എ. ദിപിനും പണവുമായി എത്തി. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. പണം നൽകും മുൻപ് പലതവണ സുരേന്ദ്രൻ പ്രസീതയെ ഫോണിൽ വിളിച്ചതിന്റെ കാൾ റെക്കോർഡുകൾ പ്രസീത പരസ്യപ്പെടുത്തി.
സുരേന്ദ്രന്റെ പി.എയുമായി സി .കെ. ജാനു സംസാരിച്ചു. ഹോട്ടൽ മുറിയുടെ നമ്പർ സി.കെ. ജാനു സരേന്ദ്രനെ അറിയിക്കുന്നത് ഫോൺ സംഭാഷണത്തിലുണ്ട്.ഹോട്ടൽ മുറിയിൽ വച്ചാണ് 10 ലക്ഷം കൈമാറിയത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു.
കെ. സുരേന്ദ്രൻ ഡൽഹിയിൽ
ന്യൂഡൽഹി: ബി.ജെ.പി കേന്ദ്ര നേതൃത്വം വിളിച്ചതനുസരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ രാത്രി ഡൽഹിയിലെത്തി. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കുഴൽപ്പണക്കേസും പണമിടപാടു സംബന്ധിച്ച വെളിപ്പെടുത്തലുകളും പാർട്ടി സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
വ്യാജ വാർത്തകൾ പി.ആർ രാഷ്ട്രീയം: വി. മുരളീധരൻ
കൊച്ചി: സി.പി.എം പബ്ളിക് റിലേഷൻസ് രാഷ്ട്രീയത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ ആസൂത്രണം ചെയ്തതാണ് ബി.ജെ.പിക്കെതിരായ വ്യാജവാർത്തകളെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ ഇതിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരാണ്. യുവമോർച്ച സംസ്ഥാന സമിതി -കൊടകരയിലെ ബി.ജെ.പി വേട്ട- എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയായ ക്ലബ്ബ് ഹൗസ് വഴി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായാണ് ഡൽഹിയിൽ നിന്നു വാർത്ത വന്നത്. പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്ത നേതാക്കളോട് അന്വേഷിച്ചപ്പോൾ, കേരളം എന്ന വാക്കുപോലും പ്രധാനമന്ത്രി ഉച്ചരിച്ചില്ല എന്നാണ് പറഞ്ഞതെന്ന് മുരളീധരൻ വെളിപ്പെടുത്തി.
കുമ്മനം രാജശേഖരൻ, വി.വി.രാജേഷ്, കെ.വി.എസ് ഹരിദാസ്, കെ.കെ.അനീഷ് കുമാർ, ടി.ജി.മോഹൻദാസ്, പ്രഫുൽ കൃഷ്ണൻ, നവ്യഹരിദാസ് എന്നിവർ പങ്കെടുത്തു.
കുഴൽപണ കേസിൽ അന്വേഷണം
തിരക്കഥ അനുസരിച്ച്: കൃഷ്ണദാസ്
കോഴിക്കോട്: കൊടകര കുഴൽപണ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചമച്ച തിരക്കഥ പ്രകാരം ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനിൽ ആക്ഷേപിച്ചു. ബി.ജെ.പി യ്ക്ക് കേസിൽ ബന്ധമില്ലെന്നു പറഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി പകരം കുപ്രസിദ്ധരായ ചില ഉദ്യോഗസ്ഥരെയാണ് അന്വേഷണച്ചുമതല ഏല്പിപ്പിച്ചത്. സ്വർണക്കടത്ത് - ഹവാല കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരെയും കടന്ന് മറ്റുള്ളവരിലേക്ക് കൂടി എത്തുമെന്ന സംശയമാണ് ബി.ജെ.പിക്കെതിരെയുള്ള പ്രതികാര നീക്കത്തിന് കാരണം. ഇതിനെതിരെ 10 ന് ബൂത്ത് അടിസ്ഥാനത്തിൽ ബി.ജെ.പി പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.