supreme-court

തൃശൂർ: ഡൽഹിയിൽ ഓക്‌സിജൻ കിട്ടാതെ കൊവിഡ് രോഗികൾ മരിക്കുന്നു, ശവശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു, ശ്മശാനങ്ങൾ നിറയുന്നു. പത്രത്തിലെ വാർത്തകൾ കണ്ട് കണ്ണുനിറഞ്ഞിരുന്നു ലിഡ്വിന ജോസഫിന്. അതിനിടയിലാണ് സുപ്രീം കോടതി ഇടപെടുന്നതും മരണനിരക്ക് കുറയുന്നതും. അവൾ ആശ്വാസത്തോടെ പറഞ്ഞു:

' പപ്പാ, എനിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് കത്തയയ്ക്കണം.' മകളുടെ ആവശ്യം തമാശയായാണ് ജോസഫിന് തോന്നിയത്. കോടതിക്ക് ആരെങ്കിലും കത്തയയ്ക്കുമോ? അതും സുപ്രീം കോടതിക്ക്. പക്ഷേ, അവൾ വിട്ടില്ല. പിറ്റേദിവസവും വാശിപിടിച്ചു. ഒടുവിൽ ജാേസഫ് സമ്മതിച്ചു.

കത്തിനൊപ്പം, കോടതി കൂടുന്നതും വൈറസിനെ പ്രഹരിക്കുന്നതും പ്രതീകാത്മകമായി വരച്ച ചിത്രവും ചേർത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു. രണ്ടു ദിവസത്തിനുളളിൽ സുപ്രീംകോടതിയിൽ നിന്ന് ഉദ്യോഗസ്ഥൻ വിളിച്ചു. കത്ത് വായിച്ച് ചീഫ് ജസ്റ്റിസ് അതീവ സന്തുഷ്ടനായെന്നും ഒരു സമ്മാനം അയയ്ക്കുമെന്നും പറഞ്ഞു. രാജ്യത്തെ സംഭവവികാസങ്ങൾ അഞ്ചാം ക്ലാസുകാരി കൃത്യമായി മനസിലാക്കുന്നുവെന്നതിലുള്ള ആശ്ചര്യമാണ് അദ്ദേഹം പങ്കുവച്ചത്. ഉത്തരവാദിത്വവും ജാഗ്രതയുമുള്ള വ്യക്തിയായി രാഷ്ട്രനിർമ്മാണത്തിൽ പങ്കാളിയാകാൻ കഴിയട്ടെയെന്ന ചീഫ് ജസ്റ്റിസിന്റെ ആശംസയും ലഭിച്ചു.

ഇന്നലെ സർപ്രൈസ് ഗിഫ്റ്റ് കിട്ടിയപ്പോൾ സന്തോഷം ഇരട്ടിച്ചു. ചീഫ് ജസ്റ്റിസിന്റെ കൈയൊപ്പുള്ള ഭരണഘടന. കൂട്ടുകാരോടും ബന്ധുക്കളോടും സന്തോഷം പങ്കുവച്ചു.

തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലിഡ്വിന ജോസഫ്.

പുല്ലഴി കുറ്റിക്കാട്ട് വീട്ടിൽ ജോസഫിന് എയർഫോഴ്‌സിലായിരുന്നു ജോലി. ഇപ്പോൾ തൃശൂർ ഡിവിഷണൽ പോസ്റ്റ് ഓഫീസിലാണ്. അമ്മ ബിൻസി സേക്രഡ് ഹാർട്ട് സ്‌കൂൾ അദ്ധ്യാപിക. സഹോദരിമാരായ ഇസബെൽ വിമല കോളേജ് വിദ്യാർത്ഥിയും കാതറിൻ പ്‌ളസ്ടു വിദ്യാർത്ഥിനിയുമാണ്.

ചീഫ് ജസ്റ്റിസിന്റെ കത്ത്:

''ഹൃദ്യമായ കത്തും ഹൃദയാവർജ്ജകമായ ചിത്രവും ലഭിച്ചു.രാജ്യത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ചും കൊവിഡിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഒരു അഞ്ചാം ക്ലാസുകാരി നിരന്തരം അറിയാൻ ശ്രമിക്കുന്നുവെന്ന് അറിയുന്നതിൽ സന്തോഷവും ആശ്ചര്യവുമുണ്ട്.
രാജ്യത്തിന്റെ വളർച്ചയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകാൻ പ്രാപ്തിയുള്ള ഉത്തരവാദിത്വമുള്ള പൗരനായി നീ വളരുമെന്ന് ഉറപ്പുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ലിഡ്‌വിനയുടെ കത്ത്

ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്,

ഞാൻ ലിഡ്‌വിന ജോസഫ്,​ തൃശൂർ കേന്ദ്രീയവിദ്യാലത്തിൽ അ‌ഞ്ചാം ക്ലാസിൽ പഠിക്കുന്നു.രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ....