അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ 17 വാർഡുകളിൽ രോഗം ബാധിച്ച മുഴുവൻ കന്നുകാലികൾക്കും സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് നടപടി തുടങ്ങി.
വാക്‌സിൻ സുലഭമല്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വെറ്ററിനറി സർജൻ ഗോപീകൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഏജൻസികളുമായി നടത്തിയ ചർച്ചയിലാണ് ലഭ്യത ഉറപ്പ് വരുത്തിയത്. അരിമ്പൂർ എട്ടാം വാർഡിൽ കഴിഞ്ഞ ദിവസങ്ങളിൽ കുളമ്പ് രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തിരുന്നു.
ആദ്യഘട്ടത്തിൽ 225 കന്നുകാലികൾക്കുള്ള വാക്‌സിനാണ് ലഭിക്കുക. തുടർന്ന് ബാക്കിയുള്ള ആയിരത്തോളം കന്നുകാലികൾക്ക് വാക്‌സിൻ ലഭ്യമാക്കും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് വാക്‌സിൻ നിർമ്മിച്ചിട്ടുള്ളത്. പ്രസവിച്ച് ഒരു മാസത്തിൽ താഴെയുള്ള കറവ പശുക്കൾ, മൂന്ന് മാസത്തിൽ താഴെയുള്ള കിടാക്കൾ, എട്ട് മാസത്തിൽ കൂടുതൽ ചെനയുള്ള പശുക്കൾ എന്നിവയെ പ്രതിരോധ കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെറ്ററിനറി ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വീടുകളിൽ നേരിട്ടെത്തിയാണ് വാക്‌സിൻ നൽകുക.