ചാലക്കുടി: നഗരസഭാ കൗൺസിൽ ഓൺലൈൻ യോഗം ബഹളത്തിൽ കലാശിച്ചു. പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷ രാജിക്കത്തും നൽകി. സി. ശ്രീദേവിയാണ് തൽസ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് ചെയർമാൻ വി.ഒ. പൈലപ്പന് കത്തു നൽകിയത്. ചെയർമാൻ വി.ഒ. പൈലപ്പന്റെ ഏകാധിപത്യമാണ് നഗരസഭയിൽ നടക്കുന്നതെന്നും ഇത് അംഗീകരിക്കാൻ ഒരുക്കമല്ലെന്നും ശ്രീദേവി ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം ഉടലെടുത്തത്. ചൊവ്വാഴ്ചയിലെ കൗൺസിലിൽ എത്തിയ പൊതു മരാമത്ത് പ്രവൃത്തികളുടെ മൂന്നു ഫയലുകളും താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ശ്രീദേവി, ഇങ്ങനെ നോക്കുകുത്തിയായി ഇരിക്കാൻ താൽപര്യമില്ലെന്നും തുറന്നു പറഞ്ഞു. എന്നാൽ ചെയർമാൻ പൈലപ്പൻ സ്ഥിരം സമിതി അദ്ധ്യക്ഷയെ പ്രകോപിപ്പിക്കും വിധം നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി. പാർലിമെന്ററ് പാർട്ടി ലീഡർ ഷിബു വാലപ്പനും ചെയർമാനെ അനുകൂലിച്ചു. ഇതിനു ശേഷമാണ് ശ്രീദേവി രാജിക്കത്ത് നൽകിയത്.
നഗരസഭയുടെ ഇൻഡോർ സ്‌റ്റേഡിയത്തിൽ ടോയ്‌ലെറ്റ് നിർമ്മിക്കുന്നതിന 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നഗരസഭയുടെ മൂന്നേക്കർ സ്ഥലത്തു നിന്നും എത്രയാണ് സ്റ്റേഡിയം നിർമ്മാണത്തിന് വിട്ടു നൽകിയതെന്ന് ഇതുവരേയും തിട്ടപ്പെടുത്തിയില്ലെന്ന് ചെയർമാൻ പറയുമ്പോൾ ഇതിന് പരിഹാരം കാണാതെ ടോയ്‌ലെറ്റ് നിർമ്മിക്കാൻ ശ്രമിക്കുന്നതിൽ ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് വ്യക്തമാക്കി. സ്വതന്ത്രനായ സുനോജും എൽ.ഡി.എഫ് അംഗങ്ങളെ പിന്തുണച്ചു.
19 ലക്ഷം രൂപ ചെലവിൽ സൗത്ത് ജംഗ്ഷനിൽ നിർമ്മിച്ച ടോയ്‌ലെറ്റ് ഇതുവരേയും തുറന്നു കൊടുത്തിട്ടില്ലെന്നും 65 ലക്ഷത്തിന്റെ ടോയ്‌ലെറ്റ് നിർമ്മാണത്തിൽ ദുരൂഹതയുണ്ടെന്നും സ്വതന്ത്ര കൗൺലിലർ വി.ജെ ജോജി കുറ്റപ്പെടുത്തി. 10 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച ഇൻഡോർ സ്‌റ്റേഡിയം ഇതുവരേയും നഗരസഭ ഏറ്റെടുത്തിട്ടില്ലെന്നും ജോജി ചൂണ്ടിക്കാട്ടി.