
തൃശൂർ: കൊവിഡ് കാലത്ത് വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി രൂപം കൊണ്ട വയോക്ഷേമ കാൾ സെന്റർ പ്രതീക്ഷയുടെ തുരുത്താകുന്നു. കൊവിഡ് കാലത്ത് മാനസിക പിരിമുറുക്കം, ആശങ്ക, ഒറ്റപ്പെടൽ എന്നിവർ അനുഭവിക്കുന്ന നൂറുക്കണക്കിന് പേർക്ക് കഴിഞ്ഞ പത്ത് മാസമായി കളക്ട്രേറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വയോകാൾ സെന്ററിലൂടെ അഭയ കേന്ദ്രമാകാൻ കാരണമായി.
ആന്റണിക്ക് പുതുജീവൻ
കഴിഞ്ഞ ദിവസം 94 വയസുള്ള വൃദ്ധന് ജീവശ്വാസം കിട്ടാതെ വന്നപ്പോഴും നിമിഷ നേരം കൊണ്ട് പാഞ്ഞെത്തിയത് വായോകാൾ സെന്ററിലെ ജീവനക്കാരാണ്. ആളൂരിലെ റിട്ട.മിലിട്ടറിക്കാരനായ തോട്ടപ്പിള്ളി ആന്റണിയുടെ വീട്ടിൽ വൈദ്യുതി പോയതിനെ തുടർന്ന് ഓക്‌സിജൻ നൽകിയിരുന്ന യന്ത്രം തകരാറിലായി ശ്വാസംമുട്ടുണ്ടായി. ബന്ധുക്കളെ വിളിച്ചു കിട്ടാതെ വന്നപ്പോഴാണ് സാമൂഹ്യനീതി വകുപ്പിന്റെ വയോക്ഷേമ കാൾ സെന്ററിലേക്ക് വിളിച്ചത്. ആന്റണി കിടപ്പു രോഗിയായ ഭാര്യയ്‌ക്കൊപ്പം ആളൂരിലെ വീട്ടിൽ താമസമാണ്. സഹായത്തിനായി ഹോംനേഴ്‌സ് കൂടെയുണ്ടെങ്കിലും പെട്ടെന്നുണ്ടായ സംഭവത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുമ്പോഴാണ് ആന്റണിക്ക് മുൻപ് കാൾ സെന്ററിൽ നിന്ന് വിളിച്ചത് ഓർമ്മവന്നത്. തുടർന്ന് കാൾ സെന്ററിന്റെ അടിയന്തര ഇടപെടലുകൾ മൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിലേക്ക് നേരിട്ട് എത്തുകയും കൃത്യമായ ഇടപെടലുകൾ നടത്തുകയും മുടങ്ങിപ്പോയ സംവിധാനം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനൊടകം 150 ഓളം വയോജനങ്ങൾക്ക് വയോ കാൾസെന്റർ സഹായം നൽകി. സമൂഹ്യ നീതി ഓഫീസർ അസ്ഗർ ഷായാണ് നോഡൽ ഓഫീസർ
ജില്ലാ വയോക്ഷേമ കാൾ സെന്റർ പ്രവർത്തനങ്ങൾ
വായോക്ഷേമ കോൾ സെന്ററിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വയോജനങ്ങൾക്കായി ഭക്ഷണം, മരുന്ന് എന്നിവ വയോമിത്രം, പബ്ലിക് ഹെൽത്ത് സെന്റർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ വഴി എത്തിക്കുന്നു. കൊവിഡ് ജാഗ്രത മാർഗ്ഗ നിർദ്ദേശങ്ങൾ, ഓരോ കോളുകളിലും കൊവിഡ് പ്രതിരോധം , മുതിർന്നവരുടെ റിവേഴ്‌സ് ക്വാറന്റൈൻ, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവയെ പറ്റി ബോധവത്കരണം നൽകുന്നു.
വയോക്ഷേമ കാൾ സെന്റർ നമ്പർ 0487- 2224050