കയ്പമംഗലം: ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധ സിവിൽ സർവീസ് അക്കാഡമിയുടെ മൊബൈൽ അപ്ലിക്കേഷനും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
എൽ.പി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായും പി.എസ്.സി, യു.പി.എസ്.സി, കെ.എ.എസ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് സുമേധ.
2018ൽ ആരംഭിച്ച പദ്ധതിയിലൂടെ നൂറിലധികം വിദ്യാർത്ഥികൾക്ക് സർക്കാർ ജോലി നേടാനായിട്ടുണ്ട്.
കൊവിഡ് കാലത്ത് ഓൺലൈനായിരുന്നു പരിശീലനം. കൈറ്റ്‌സ് ഫൗണ്ടേഷനാണ് പദ്ധതിയ്ക്കായി മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
മണ്ഡലത്തിന് പുറത്ത്നിന്നുമുള്ള വിദ്യാർത്ഥികൾക്കും ആപ്പിന്റെ സേവനം സൗജന്യമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകൾ, മുൻകാല ചോദ്യപേപ്പറുകൾ, നോട്ടുകൾ, ടെസ്റ്റ് സീരീസുകൾ എന്നിവയെല്ലാം ആപ്പിൽ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ,
സുമേധ കോ- ഓർഡിനേറ്റർ അജ്മൽ ചക്കരപ്പാടം, കൈറ്റ്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ക്ലെയർ സി. ജോൺ, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സിറിൽ സിറിയക്, ടെക്‌നിക്കൽ ഡയറക്ടർ അക്ഷയ രാജേഷ്, മീനാക്ഷി അനിരുദ്ധൻ, കെ.ആർ മഞ്ജു, ജോയൽ നെത്സൻ എന്നിവർ ഓൺലൈനായി സംബന്ധിച്ചു.