ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ അഗതി ക്യാമ്പിലും അഗതിമന്ദിരത്തിലുള്ള അന്തേവാസികൾക്ക് ഓൺ ലൈൻ രജിസ്‌ട്രേഷനില്ലാതെ നേരിട്ട് വാക്‌സിൻ നൽകാൻ നടപടിയായി. ആധാർ കാർഡോ മറ്റ് തിരിച്ചറിയിൽ കാർഡോ ഇല്ലാത്ത ഇവർക്ക് ഓൺലൈൻ റജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ ഇവർക്ക് വാക്‌സിനേഷൻ നൽകാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. നഗരസഭ അഗതി മന്ദിരത്തിൽ 18 പുരുഷന്മാരും 14 സ്ത്രികളുമാണുള്ളത്. താത്കാലിക അഗതി ക്യാമ്പിൽ 167 പേരുമുണ്ട്. ഇതിൽ 16 സ്ത്രികളും 151 പുരുഷന്മാരുമാണ്. രണ്ടിടത്തേയും അന്തേവാസികൾക്കും ആധാർ കാർഡോ മറ്റ് തിരിച്ചറിയിൽ രേഖകളൊ, മൊബൈൽ ഫോണൊ ഇല്ലാത്തവരാണ്. ഇതു മൂലം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവർക്ക് രജിസ്‌ട്രേഷൻ ഇല്ലാതെ നേരിട്ട് വാക്‌സിനേഷൻ നടത്താൻ ഡി.എം.ഒ ഗുരുവായൂർ അർബൻ പി.എച്ച്.സി മെഡിക്കൽ ഓഫിസർക്ക് രേഖാമൂലം നിർദേശം നൽകി. നഗരസഭയിലെ എല്ലാ കിടപ്പു രോഗികൾക്കും വാക്‌സിൻ നൽകാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നഗരസഭാ ചെയർമാൻ കത്ത് നൽകിയിട്ടുണ്ട്.