ഗുരുവായുർ: നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ഗുരുവായൂർ ക്ഷേത്രനടയിലെ മാവുകൾ മുറിച്ചുനീക്കിയതിൽ പ്രതിഷേധം. ക്ഷേത്രത്തിന് തെക്കുഭാഗത്ത് ആനകളെ കെട്ടുന്ന പറമ്പിലുള്ള മാവുകളാണ് കഴിഞ്ഞ ദിവസം മുറിച്ചിരുന്നത്. അവിടെ താത്കാലിക ഊട്ടുപുര നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങളാണ് മുറിച്ചതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. മരങ്ങൾ മുറിച്ച് നീക്കിയതിൽ സംസ്‌കാര സാഹിതി ഗുരുവായൂർ യൂണിറ്റ് പ്രതിഷേധിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ വേളയിൽ തന്നെ കെട്ടിട സമുച്ചയങ്ങൾ കെട്ടി പൊക്കുകയും അവശേഷിയ്ക്കുന്ന പച്ചപ്പ് പോലും ഇല്ലാതാക്കുന്ന ഇത്തരം നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. സാഹിതി യൂണിറ്റ് പ്രസിഡന്റ് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. എം. ഗോപിനാഥൻ, ടി.ഡി. സത്യൻ, കെ.എസ്. സന്തോഷ്, ഹരി.വി.നായർ, പി.സി. വിഷ്ണു എന്നിവർ സംസാരിച്ചു.