കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി നിരീക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അത്യുന്നതൻ എന്ന ബോട്ട് അഴീക്കോട്ടെത്തി. ഫിഷറീസ് വകുപ്പാണ് ബോട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. കടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ട്രോളിംഗ് നിരോധനം പരിശോധിക്കുന്നതിനും ബോട്ട് സർവീസ് ഉപയോഗപ്പെടുത്തും.

മുനമ്പം സ്വദേശിയുടെ കൈയിൽ നിന്നാണ് ബോട്ട് വാടകയ്‌ക്കെടുത്തിട്ടുള്ളത്. മുൻ കാലങ്ങളിൽ അഴീക്കോട് കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പിന്റെ രക്ഷാ ബോട്ട് ഉണ്ടായിരുന്നില്ല.

അഴീക്കോട് മുതൽ അത്തോട് വരെയുള്ള തീരത്താണ് നിരീക്ഷണം നടത്തുക. മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും ഫിഷറീസ് വകുപ്പിനെ സഹായിക്കും. പരിശീലനം ലഭിച്ച അഞ്ച് താത്കാലിക ജീവനക്കാരും ബോട്ടിന്റെ രണ്ടു ജീവനക്കാരും സംഘത്തിലുണ്ടാകും. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.ഡി ലിസിക്കാണ് ബോട്ടിന്റെ ചുമതല.