ചാലക്കുടി: കൊവിഡിലും ലോക്ക് ഡൗണിലും കുടിവെള്ളത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെ പോകുന്ന വിഭാഗമുണ്ട്. മറ്റാരുമല്ല, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തന്നെ. ജനങ്ങൾ പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കുടിവെള്ളം മുടക്കൽ ചാലക്കുടിയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം പതിവായി മാറുന്നതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ കുടിവെള്ളം മുടങ്ങിയതിൽ നഗരത്തിലാകെ ജനങ്ങൾ ദുരിതത്തിലായി.
സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടിയതായിരുന്നു കാരണം. കഴിഞ്ഞ ഒരുമാസമായി ഇത് തുടർക്കഥയാണ്. എ.സി പൈപ്പുകൾ പൊട്ടുന്നത് ഇവിടെ സ്ഥിരം സംഭവം. അറ്റകുറ്റ പണികൾ നടത്തി പമ്പിംഗ് പുനഃരാരംഭിക്കുമ്പോഴേക്കും ഒരു പകൽ മുഴുവൻ കുടിവെള്ളം കിട്ടാതെ നാട്ടുകാർ നട്ടം തിരിഞ്ഞിരിക്കും. എവിടെ പൈപ്പ് ലൈൻ പൊട്ടിയാലും പമ്പിംഗ് സ്റ്റേഷനിലെ മെയിൻ വാൽവ് അടക്കുന്ന സമ്പ്രദായമാണ് ഇപ്പോഴത്തേത്. ആദ്യകാലത്ത് ഇങ്ങനെ ആയിരുന്നില്ല പ്രവർത്തനം. പൈപ്പ് തകരാറിലാകുന്ന പ്രദേശത്തെ ബ്രാഞ്ച് വാൽവ് മാത്രം അടച്ചിട്ട് അറ്റകുറ്റ പണികൾ നടത്തുകയായിരുന്നു പതിവ്. ഒരു ഭാഗത്തെ കുടിവെള്ളം മാത്രം മുടങ്ങുന്ന ആദ്യകാലത്തെ രീതി ഇല്ലാതായത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
എല്ലാ ഭാഗത്തുമുണ്ടായിരുന്ന ബ്രാഞ്ച് വാൽവുകൾ നശിച്ചു പോയത് ഇവർ കണ്ടില്ലെന്ന് നടിച്ചു. സംരക്ഷണമില്ലാതെ ഇത്തരം സംവിധാനം മണ്ണിനടിയിലായി. അതിനാൽ ഇപ്പോൾ എവിടെ പൈപ്പ് ലൈൻ പൊട്ടിയാലും ചാലക്കുടിയിൽ മൊത്തത്തിൽ കുടവെള്ളം തടസപ്പെടുന്ന ഇന്നത്തെ അവസ്ഥ ഇല്ലാതാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവുമില്ല. ജനപ്രതിനിധികളും ഈ വഴിക്ക് തിരിയുന്നില്ല. കൊവിഡ് ചികിത്സയും ക്വാറന്റൈനും എല്ലാമായി വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധി ആളുകൾ ഇതുമൂലം നട്ടംതിരിയുന്ന കാര്യമൊന്നും ആരും അറിയാതെ പോകുന്നു.